ഓടും കുതിര ചാടും കുതിര, വെള്ളംകണ്ടാൽ നിൽക്കും കുതിര...! ഈ കടംകഥയ്ക്ക് ഉത്തരം പോലെയാണ് എക്സൈസും പൊലീസും മറ്റ് അന്വേഷണ ഏജൻസികളും ലഹരിക്കേസുകളുടെ അന്വേഷണകാര്യത്തിൽ. ഇടനിലക്കാരെ പൊക്കാൻ വലിയ ഉത്സാഹം. അതിനു മുകളിലേക്ക് ഒരു ചുവടുവയ്ക്കില്ല. ചെരിപ്പ് പശയിൽ ഒട്ടിയതുപോലെ ഒറ്റനിൽപ്പ് ! വൻ മാഫിയയും ഇവർക്കുള്ള ഉന്നത സ്വാധീനവും സത്യസന്ധരായ ഉദ്യോഗസ്ഥർക്കു പോലും കൂച്ചുവിലങ്ങിടുകയാണ്. കൊച്ചിയിലെ ഒരു സംഭവം ഇതിന് അടിവരയിടുന്നു.
പതിവ് പരിശോധനയ്ക്കിടെ എം.ഡി.എം.എയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും കൈമാറിയ ആളെക്കുറിച്ചും വിവരം ലഭിച്ചു. അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനാണ് പിന്നിൽ. സമ്മർദ്ദങ്ങൾ ഏറക്കുറെ ഉറപ്പായിരുന്നെങ്കിലും ഉദ്യോഗസ്ഥർ മുന്നോട്ടുതന്നെ നീങ്ങി. വൈകിട്ടോടെ ആളെ പിടികൂടി. ഓഫീസിൽ എത്തിക്കും മുമ്പേ ഉന്നതങ്ങളിൽ നിന്ന് വിളികളെത്തി. ഒടുവിൽ ഇയാളെ വിട്ടയയ്ക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി. ഈ നേതാവ് പിന്നീട് ലഹരിക്കേതിരെ ഘോരഘോരം പ്രസംഗിക്കുന്നതിന് ഇതേ ഉദ്യോഗസ്ഥർ തന്നെ സാക്ഷികളായിട്ടുണ്ട് എന്നത് വിരോധഭാസം.
എക്‌സൈസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പിടിനൽകാതെ കഴിയുന്നത് 2,400 പ്രതികളാണ്! ഉദ്യോഗസ്ഥരെ മർദ്ദിച്ചും മറ്റും രക്ഷപ്പെട്ടവരാണ് അധികവും. 2021 മുതൽ കഴിഞ്ഞ വർഷം പകുതി വരെയുള്ള എക്‌സൈസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ 30,611 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. ഇതിൽ 27,710 പ്രതികളെ പിടികൂടി. 'മുങ്ങിയ" പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ഉന്മാദാവസ്ഥയിലാണ് ഇടനിലക്കാർ ലഹരിക്കൈമാറ്റത്തിന് എത്തുന്നത്. പിടികൂടുമ്പോൾ ഗുരുതരമായി പരിക്കേൽപ്പിച്ച് കടന്നുകളയാനും ഇവർക്ക് മടിയില്ല. തൃക്കാക്കരയിൽ ലഹരിക്കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. രണ്ടുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഏതു ജില്ലകളിലാണ് കൂടുതൽ പ്രതികളെ പിടികൂടാനുള്ളതെന്ന വിവരം എക്‌സൈസ് പുറത്തുവിട്ടിട്ടില്ല.
മിഠായി പെറുക്കൽ നിന്നു; പക്ഷേ...
ഒരിടയ്ക്ക്, എറണാകുളം മറൈൻ ഡ്രൈവിൽ വൈകുന്നേരമാകുന്നതോടെ 'മിഠായിപെറുക്കൽ" പരിപാടി നടന്നിരുന്നു. ലഹരിക്കച്ചവടത്തിന്റെ പുതുപതിപ്പ്. ലഹരി കച്ചവടക്കാർ ഒളിപ്പിച്ചുവയ്ക്കുന്ന മയക്കുമരുന്ന് പൊതികൾ ഉപഭോക്താക്കൾ ശേഖരിക്കാൻ എത്തുന്നതാണ് സംഭവം. 'മിഠായി റെഡി" എന്ന കോഡ് മെസേജ് ഗ്രൂപ്പിൽ അയക്കുന്നു. ആവശ്യക്കാർ ക്യുആർ കോഡ് വഴി പണമയയ്ക്കും. വെളുത്ത നിറത്തിലുള്ള ചെറിയ പ്ലാസ്റ്റിക് കവറിൽ മിഠായി രൂപത്തിൽ പായ്ക്ക് ചെയ്ത് മയക്കുമരുന്ന് മറൈൻ ഡ്രൈവിലെ വിവിധ ഭാഗങ്ങളിലുണ്ടാകും. ഗൂഗിൾ ലൊക്കേഷനും സ്ഥലത്തിന്റെ ചിത്രവും അയച്ചു നൽകും.
ഇവിടെ 'മിഠായിപെറുക്കാൻ" നിരവധി യുവതീയുവാക്കൾ എത്തുന്നതായാണ് കണ്ടെത്തൽ. ആരാണ് ഇത് ഒളിപ്പിച്ചുവച്ചതെന്നോ മറ്റോ ആവശ്യക്കാർ അറിയില്ല. എക്‌സൈസ് അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. സമൂഹമാദ്ധ്യമ സഹായത്തോടെ നടക്കുന്ന ലഹരി വിപണനത്തിന്റെ കണ്ണികളെ എക്‌സൈസ് തുരത്തിയെങ്കിലും പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്നാം കണ്ണ്, മാജിക് മെഹന്ദി, തക്കാളി... ഇത്തരത്തിൽ പല അപര നാമങ്ങളിൽ അറിയപ്പെടുന്നവരാണ് വിവിധ കേസുകളിലായി കുടുങ്ങിയത്.
പഴക്കച്ചവടം മറയാക്കി...
2022 ഒക്ടോബർ 5. അന്ന് മലയാളികൾ ഞെട്ടലോടെ ഒരു വാർത്ത കേട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് മലയാളികൾ മുംബയിൽ പിടിയിലായി! രാജ്യംകണ്ട ഏറ്റവും വലിയ ലഹരിക്കേസിൽ മലയാളികൾ ഉൾപ്പെട്ടതായിരുന്നു അമ്പരപ്പിന് കാരണം. വെറും പഴക്കച്ചവടവും ജ്യൂസുകടയും നടത്തിയവർ എങ്ങനെ ലഹരിക്കടത്തുകാരായി? എക്സൈസ് അന്വേഷണത്തിൽ കൂടുതൽ വിവരം മുംബയിൽ നിന്ന് ലഭിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്ന് പഴവർഗങ്ങൾ എത്തിച്ച് വില്പനയായിരുന്നു തുടക്കം. ഇതിനിടെ ലഹരി ഇടപാട് തുടങ്ങി. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശിയുമായി ചേർന്നായിരുന്ന ഇടപാട്. യുവാക്കൾക്ക് 70 ശതമാനവും, മലപ്പുറം സ്വദേശിക്ക് 30 ശതമാനവും എന്നതായിരുന്നു ധാരണ. ആദ്യമെല്ലാം കടത്ത് സുഗമമായി നടന്നു. പക്ഷേ ഒക്ടോബർ നാലിന് ഡി.ആർ.ഐ പിടിത്തമിട്ടു. 1476 കോടിയുടെ എം.ഡി.എം.എയും കൊക്കെയ്‌നും മുംബയ് തുറമുഖം വഴി കടത്തുന്നതിനിടെ പിടിവീണു.
അറസ്റ്റിനു പിന്നാലെ കാലടിയിലെ ഇയാളുടെ ഗോഡൗണിലും അയ്യമ്പുഴയിലെ വീട്ടിലും ഡി.ആർ.ഐ സംഘം പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇവിടെയാണ് പഴവർഗങ്ങൾ സൂക്ഷിച്ചിരുന്നത്. പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 198 കിലോഗ്രാം മെതാംഫെറ്റമിനും ഒമ്പതു കിലോഗ്രാം കൊക്കെയ്‌നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രസീൽ എന്നിവിടങ്ങങ്ങളിൽനിന്ന് ഇവർ പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇതിന്റെ മറവിലായിരുന്നു ലഹരി മരുന്ന് കടത്തും. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയെ പിടികൂടാൻ ഡി.ആർ.ഐ സംഘം ഇന്റർപോളിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.
ചുരമിറങ്ങും ലഹരിക്കാറ്റ്
വാളയാറും മറ്റ് ചെക്ക് പോസ്റ്റുകളും വഴി തന്നെയാണ് വാഹനങ്ങൾ വഴിയുള്ള ലഹരിക്കടത്ത് നിർബാധം തുടരുന്നത്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന ഇടനാഴികൾ ഇവയായിട്ടും കാര്യമായ പരിശോധനയില്ല. മൊത്തമായും ചില്ലറയായും എത്തുന്ന ലഹരിമരുന്നുകൾ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വ്യാപിക്കുകയാണ്. രാസലഹരിയുടെ കടത്ത് സംഘടിതമായും ഒറ്റയ്ക്കും ഈ വഴിയും ഊടുവഴികളിലൂടെയും നടക്കുന്നു. സംസ്ഥാനാന്തര ബസുകൾ വഴിയും വൻതോതിൽ ലഹരി കടത്തപ്പെടുന്നു. അന്യസംസ്ഥാന തൊഴിലാളികൾ വഴിയും പച്ചക്കറി, ചരക്കുവാഹനങ്ങൾ വഴിയുമെല്ലാം വരുന്നുണ്ട്. എം.ഡി.എം.എ ബംഗളൂരുവിൽ നിന്നാണ് പ്രധാനമായും എത്തുന്നത്. കഞ്ചാവ് കൂടുതൽ എത്തുന്നത് തെലങ്കാന, ഒഡീഷ, ബിഹാർ, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ്.
നാളെ: ലഹരിയിൽ മയങ്ങി, കുറ്റകൃത്യംകൂടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |