ശബരിമല : മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോകും. പന്തളം കൊട്ടാര പ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ ഘോഷയാത്രയെ പല്ലക്കിൽ അനുഗമിക്കും.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഇന്ന് പുലർച്ചെ തിരുവാഭരണ പേടക വാഹക സംഘം വലിയ കോയിക്കൽ ധർമ്മ ശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ക്ഷേത്ര സന്നിധിയിൽ തുറന്നുവയ്ക്കുന്ന പേടകങ്ങൾ കണ്ടുതൊഴാൽ സൗകര്യമുണ്ടാകും. ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചയോടെ രാജപ്രതിനിധിക്ക് ഉടവാൾ കൈമാറിയ ശേഷം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണപേടകങ്ങൾ ശിരസിലേറ്റി ഘോഷയാത്രയായി യാത്ര തുടങ്ങും. തിരുമുഖം അടങ്ങുന്ന പ്രധാനപേടകം ഗുരുസ്വാമിയും വെള്ളിയാഭരണങ്ങൾ അടങ്ങുന്ന കലശപ്പെട്ടി മരുതമന ശിവൻപിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തിൽ ബി.പ്രതാപചന്ദ്രൻ നായരുമാണ് ശിരസിലേറ്റുക.
പരമ്പരാഗത തിരുവാഭരണപാതയും കാനനപാതയും കടന്ന് മൂന്നാംദിവസം 14ന് ഘോഷയാത്ര ശബരിമലയിലെത്തും. വൈകിട്ട് 5.30ന് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആചാരപൂർവ്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. താഴെ തിരുമുറ്റത്തു നിന്ന് തിരുവാഭരണ പേടകം മാത്രം പതിനെട്ടാംപടിയിലൂടെ സന്നിധാനത്തേക്ക് കൊണ്ടുപോകും. മറ്റ് രണ്ടു പേടകങ്ങൾ മാളികപ്പുറത്തേക്കാണ് കൊണ്ടുപോകുക. 6.30ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കു ശേഷം ശബരിമല നട തുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.
ശുദ്ധിക്രിയകൾ ഇന്ന് തുടങ്ങും
മകര സംക്രമ പൂജകൾക്ക് മുന്നോടിയായി സന്നിധാനത്ത് ഇന്ന് ശുദ്ധിക്രിയകൾ തുടങ്ങും. വൈകിട്ട് 5ന് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും. നാളെ ഉഷ:പൂജയ്ക്ക് ശേഷം ബിംബശുദ്ധിക്രിയകൾ. മകരവിളക്ക് ദിനമായ 14ന് രാവിലെ 8.55ന് മകരസംക്രമ പൂജയും നെയ്യഭിഷേകവും നടക്കും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് ദൂതൻവഴി എത്തിക്കുന്ന പ്രത്യേകം തയ്യാറാക്കിയ നെയ്യാണ് സംക്രമ മുഹൂർത്തത്തിൽ അഭിഷേകം നടത്തുക.
എരുമേലി പേട്ടതുള്ളൽ
ഭക്തിസാന്ദ്രം
എരുമേലി : ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പേട്ടതുള്ളി അമ്പലപ്പുഴ,ആലങ്ങാട്ട് സംഘങ്ങൾ. ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് കൊച്ചമ്പലത്തിൽ നിന്നും തുടക്കമായത്. വാദ്യമേളങ്ങളുടെയും തിടമ്പേറ്റിയ ഗജവീരൻമാരുടെയും അകമ്പടിയോടെ സംഘം പേട്ടതുള്ളി വാവരു പള്ളിയിലേയ്ക്ക് നീങ്ങി. വാവരു പള്ളിയുടെ കവാടത്തിൽ പൂക്കൾ വാരി വിതറിയാണ് അമ്പലപ്പുഴ സംഘത്തെ വരവേറ്റത്. തുടർന്ന് വാവരുടെ പ്രതിനിധിയായ ആസാദ് താഴത്ത് വീട്ടിലിന്റെ കൈപിടിച്ച് സമൂഹപെരിയോൻ ഗോപാലകൃഷ്ണപിള്ള പള്ളിയ്ക്ക് വലതുവച്ച് വലിയമ്പലത്തിലേക്ക് പേട്ടതുള്ളി നീങ്ങി. വലിയമ്പലത്തിലെത്തിയ അമ്പലപ്പുഴ സംഘത്തെ ക്ഷേത്രം ഭാരവാഹികളും, ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് ആകാശത്ത് നക്ഷത്രത്തെ ദർശിച്ചതോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചത്. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം യാത്രയായതിനാൽ വാവരു പള്ളിയിൽ കയറാതെയായിരുന്നു ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ.
അയ്യപ്പന് കാണിക്കയായി
സ്വർണ അമ്പും വില്ലും വെള്ളി ആനകളും
ശബരിമല: സ്വർണത്തിൽ നിർമ്മിച്ച അമ്പും വില്ലും വെള്ളി ആനകളും തെലുങ്കാന സംഘം അയ്യപ്പന് കാണിക്കയായി സമർപ്പിച്ചു. സെക്കന്തരാബാദ് സ്വദേശി അക്കാറാം രമേശാണ് 120 ഗ്രാം തൂക്കംവരുന്ന സ്വർണത്തിൽ തീർത്ത അമ്പും വില്ലും 400 ഗ്രാം വരുന്ന രണ്ട് വെള്ളി ആനകളുടെ രൂപവും സന്നിധാനത്ത് കാണിക്കയായി സമർപ്പിച്ചത്. മകൻ അഖിൽ രാജിന് എം.ബി.ബി.എസ് പ്രവേശനം ലഭിച്ചതിനുള്ള കാണിക്ക സമർപ്പണം നടത്തുകയായിരുന്നുവെന്ന് അക്കാറാം രമേശ് പറഞ്ഞു. പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലെത്തിയ ഒമ്പതംഗ സംഘം മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിക്ക് കാണിക്ക കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |