കൊച്ചി: കൊച്ചി വാട്ടർ മെട്രോ ഹിറ്റായതോടെ ഇന്ത്യയിലെ മറ്റിടങ്ങളിൽ പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ. വാട്ടർ മെട്രോ മാതൃകയിൽ ജലഗതാഗതം ആരംഭിക്കാൻ നടപടികൾ തുടങ്ങി. മികച്ച യാത്രാനുഭവം, മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയതും പൂർണമായും പരിസ്ഥിതി സൗഹൃദവുമായ വാട്ടർ മെട്രോ സർവീസുകൾക്ക് വൻ സ്വീകാര്യത ലഭിച്ചതോടെയാണ് നടപടി.
തടാകം, പുഴ, കായലുകൾ, സമുദ്രം തുടങ്ങി വൈവിദ്ധ്യമാർന്നയിടങ്ങളിലാണ് പദ്ധതി സാദ്ധ്യതാപഠനം. കൊച്ചി വാട്ടർ മെട്രോ 18 മാസം കൊണ്ട് മുപ്പത് ലക്ഷം യാത്രികരെ നേടിയെടുത്തതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് കഴിഞ്ഞ നവംബറിൽ കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാദ്ധ്യതാ പഠനം നടത്താനാവശ്യപ്പെട്ടിരുന്നു. തുടർന്ന് കൺസൾട്ടൻസി വിഭാഗം രൂപീകരിക്കാൻ കെ.എം.ആർ.എൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയതോടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആവശ്യമെങ്കിൽ പുറത്തുനിന്നുള്ള വിദഗ്ദ്ധരുടെ സേവനവും തേടും.
മറ്റിടങ്ങളിൽ പദ്ധതി വെല്ലുവിളിയാണെങ്കിലും പരിചയസമ്പന്നരായ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം.ഗോഹത്തിയിൽ ബ്രഹ്മപുത്ര നദിയിലും ജമ്മു- കാശ്മീരിൽ ദാൽ നദിയിലും ആൻഡമാനിൽ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചുമാണ് വാട്ടർമെട്രോ സജ്ജമാക്കാൻ ലക്ഷ്യമിടുന്നത്. സാദ്ധ്യതാപഠനത്തിന്റെ അടിസ്ഥാനത്തിൽ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കും.
സാദ്ധ്യതാപഠനം നടക്കുന്ന സ്ഥലങ്ങൾ
അഹമ്മദാബാദ്-സബർമതി
സൂറത്ത്
മംഗലാപുരം
അയോദ്ധ്യ
ധുബ്രി
ഗോവ
ഗോഹത്തി
കൊല്ലം
കൊൽക്കത്ത
പാട്ന
പ്രയാഗ്‌രാജ്
ശ്രീനഗർ
വാരണാസി
മുംബയ്
വാസായ്
ലക്ഷദ്വീപ്
ആൻഡമാൻ
ടെർമിനലുകൾ-- 10
വൈറ്റില
കാക്കനാട്
ഹൈക്കോർട്ട്
ഫോർട്ട് കൊച്ചി
വൈപ്പിൻ
ഏലൂർ
ചേരാനെല്ലൂർ
സൗത്ത് ചിറ്റൂർ
ബോൾഗാട്ടി
മുളവുകാട് നോർത്ത്
റൂട്ടുകൾ-- 05
ബോട്ടുകൾ-- 18
കൊച്ചി മെട്രോയ്ക്ക് അഭിമാനകരമായ നേട്ടമാണിത്. രാജ്യമൊട്ടാകെ വാട്ടർ മെട്രോ വരുന്നത് ഗതാഗത സംവിധാനത്തിലെ മാറ്റമുണ്ടാകുമെന്ന് കൊച്ചി വാട്ടർ മെട്രോയുടെ സിഒഒ സാജൻ പി ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |