ഓസ്ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ സബലേങ്കയ്ക്ക് ജയം
സുമിത് നാഗൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു
മെൽബൺ : സീസണിലെ ആദ്യ ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിൽ വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യൻ ബെലറൂസിന്റെ അര്യാന സബലേങ്ക. ഇന്നലെ റോഡ് ലേവർ അരീനയിൽ നടന്ന വനിതാ സിംഗിൾസ് മത്സരത്തിൽ 6-3,6-2 എന്ന സ്കോറിന് അമേരിക്കൻ താരം സൊളാനേ സ്റ്റീഫൻസിനെയാണ് സബലേങ്ക തോൽപ്പിച്ചത്. രണ്ടാം റൗണ്ടിൽ സ്പാനിഷ് താരം ജെസീക്ക ബൗസാസ് മയ്നേറോയാണ് സബലേങ്കയുടെ എതിരാളി. ആദ്യ റൗണ്ടിൽ ബ്രിട്ടീഷ് താരം സൊനായ് കർട്ടലിനെ 6-1,7-6നാണ് ജെസീക്ക തോൽപ്പിച്ചിരുന്നത്.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന സുമിത് നാഗൽ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. ചെക് താരം തോമസ് മചാക്കാണ് സുമിത്തിന് മടക്ക ടിക്കറ്റ് നൽകിയത്. 6-3,6-1,7-5 എന്ന സ്കോറിനായിരുന്നു സുമിതിന്റെ തോൽവി. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ സുമിത്ത് രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിൽ ആദ്യമായി പുരുഷ സിംഗിൾസിൽ കളിക്കുന്ന ലെബനോൻ താരം ഹാദി ഹബീബ് ആദ്യ റൗണ്ടിൽ വിജയം നേടി. ചൈനയുടെ യുചാൻകിറ്റെ ബുവിനെയാണ് ഹാദി തോൽപ്പിച്ചത്.
നൊവാക് ഇന്ന്
ബസവറെഡ്ഡിക്ക് എതിരെ
പുരുഷ വിഭാഗത്തിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിനെ ആദ്യ റൗണ്ടിൽ നേരിടുന്നത് ഇന്ത്യൻ വംശജനായ അമേരിക്കൻ താരം നിഷേഷ് ബസവറെഡ്ഡിയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. 19കാരനും എ.ടി.പി റാങ്കിംഗിലെ 138-ാം സ്ഥാനക്കാരനുമായ ബസവറെഡ്ഡി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ആദ്യ ഗ്രാൻസ്ളാം ടൂർണമെന്റിൽ ക ളിക്കാനെത്തുന്നത്. ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശികളാണ് ബസവറെഡ്ഡിയുടെ മാതാപിതാക്കൾ. കാലിഫോർണിയയിൽ ജനിച്ച താരത്തിന്റെ വിദ്യാഭ്യാസവും ഇവിടെയാണ്.
ടി വി ലൈവ് : 5.30 am മുതൽ സോണി സ്പോർട്സ് ടെൻ ചാനൽ ശൃംഖലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |