ആലപ്പുഴ: കടലിലും കരയിലും സാഹസികത ജനിപ്പിക്കുന്ന വിനോദ ഇനങ്ങളെത്തിച്ച് ആലപ്പുഴ കടൽത്തീരത്തിന്റെ മുഖഛായ മാറ്റാനൊരുങ്ങുകയാണ് ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും തുറമുഖ വകുപ്പും. ബീച്ച് കേന്ദ്രീകരിച്ച് സാഹസിക വിനോദ റൈഡുകളുടെ പ്രവർത്തനത്തിന് ഇരു വകുപ്പുകളും തമ്മിൽ ധാരണയായി. റൈഡുകളുടെ നടത്തിപ്പിന് സ്വകാര്യ ഏജൻസികളെയും കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ അവധിക്കാലത്ത് റൈഡുകളുടെ പ്രവർത്തനം ആരംഭിക്കത്തക്ക തരത്തിലാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്. കടലിൽ പ്രവർത്തിക്കുന്ന ആറ് റൈഡുകളും മണലിൽ കുട്ടികൾക്ക് ഓടിക്കാവുന്ന തരത്തിലുള്ള എ.ടി.വി ബൈക്കുമാണ് ആദ്യഘട്ടത്തിൽ എത്തിക്കുക. കടലിൽ പ്രവർത്തിക്കുന്ന എല്ലാറൈഡുകളും സ്പീഡ് ബോട്ടുമായി ബന്ധിപ്പിക്കുന്നതാണ്. നാല് സ്പീഡ‌് ബോട്ടുകൾ ആവശ്യമാണ്. ഇവയിൽ ഓരോന്നായി ആലപ്പുഴ തീരത്ത് സുരക്ഷാ പരിശോധനയ്ക്ക് എത്തിച്ചു തുടങ്ങി. അയ്യപ്പൻ പൊഴി മുതൽ വിജയ് പാർക്ക് വരെയുള്ള ഭാഗമാണ് സാഹസിക റൈഡുകൾ പ്രവർത്തിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. തുറമുഖ വകുപ്പിന്റെയും, ഡി.ടി.പി.സിയുടെയും പരിശോധനകൾക്ക് പുറമേ കേരള സാഹസിക വിനോദസഞ്ചാര പ്രമോഷൻ സൊസൈറ്റിയുടെ സുരക്ഷാ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷമേ റൈഡുകൾക്ക് പ്രവർത്തനാനുമതി ലഭിക്കൂ. പുതിയ റൈഡുകൾ പ്രവർത്തനം ആരംഭിച്ച ശേഷം വായുവിൽ പറക്കുന്ന പാരാസ്ലൈഡിങ്ങ് പോലുള്ള ഇനങ്ങൾ എത്തിക്കാൻ ശ്രമമുണ്ടെന്ന് ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി.
പുത്തൻ റൈഡുകൾ
# പാരാസെയിലിംഗ് ബോട്ട്
# ബനാന ബോട്ട് റൈഡ്
# സ്പീഡ് ബോട്ട് റൈഡ്
# ബിങ്കോ ബോട്ട് റൈഡ്
# ബമ്പർ ബോട്ട് റൈഡ്
# ജെറ്റ് സ്കീ
# എ.ടി.വി ബൈക്ക്
കായലിലും സാഹസിക ടൂറിസം
# ജില്ലയിലെ വിവിധ കായലോരങ്ങളിൽ സാഹസിക വിനോദങ്ങൾ ആരംഭിക്കാനുള്ള പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്
#കൈനകരി ഹൗസ് ബോട്ട് ടെർമിനലിൽ സ്വകാര്യ ഏജൻസിയുമായി ധാരണയായിക്കഴിഞ്ഞു
#കായംകുളത്ത് വിനോദ പാർക്കിൽ നവീകരണം ആരംഭിച്ചു
# അരൂക്കുറ്റി ഹൗസ് ബോട്ട് ടെർമിനൽ, തുറവൂർ ബേസൈഡ് അമിനിറ്റി സെന്റർ തുടങ്ങിയവ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ
ആലപ്പുഴ കടൽത്തീരത്ത് സാഹസിക ടൂറിസത്തിന് നാല് മാസങ്ങളാണ് സീസണായി കണക്കാക്കുന്നത്. കുട്ടികളുടെ വേനലവധി ആരംഭിക്കുന്ന സമയത്ത് റൈഡുകൾ സജ്ജമായിരിക്കും
- ഡി.ടി.പി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |