ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ടയുടെ ചിത്രീകരണം പൂർത്തിയായി. ടൊവിനോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നരിവേട്ട ഒരു പൊളിറ്റിക്കൽ ഡ്രാമയാണെന്നും തീയറ്റർ വിട്ടിറങ്ങിയാൽ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാൾക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തിൽ ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ്, നരിവേട്ട'- ടൊവിനോ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
നരിവേട്ട ഷൂട്ടിങ് പൂർത്തിയായി.
കുട്ടനാട്ടിൽ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂൾ. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പുവള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടിൽ, മരങ്ങൾക്കിടയിലേക്ക്... എടുത്തുവെക്കാൻ ഒരുപാടുള്ള, നല്ല അധ്വാനംവേണ്ട സിനിമയായിരുന്നെങ്കിലും അത്രമേൽ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വർക്ക് ചെയ്തത്. മുൻപ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേർക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ സമ്മാനിച്ചു.
നരിവേട്ട ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചർച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററിൽ നിറഞ്ഞ മനസോടെ ആസ്വദിക്കാനും തീയറ്റർ വിട്ടിറങ്ങിയാൽ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ.
വൈകാരികമായൊരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാൾക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തിൽ ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ്, നരിവേട്ട.
സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രിയംവദ കൃഷ്ണനാണ് നായിക.ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ അബിൻ ജോസഫ് രചന നിർവഹിക്കുന്നു.ഛായാഗ്രഹണം വിജയ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ് , കലാസംവിധാനം ബാവ, സംഗീതം. ജെക്സ് ബിജോയ്,പ്രൊഡക്ഷൻ കൺട്രോളർ ജിനു. പി.കെ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എൻ. എം. ബാദുഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |