കഞ്ചിക്കോട്: വാളയാർ ചെക്‌പോസ്റ്റിലെ കൈക്കൂലി അവസാനിപ്പിക്കാൻ വിജിലൻസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ട് കാലമേറെയായി. പക്ഷെ ചെക്‌പോസ്റ്റുകൾ നന്നാക്കാനായിട്ടില്ല. വാളയാർ ചെക്‌പോസ്റ്റ് വഴി നികുതി വെട്ടിച്ച് ചരക്കുകൾ കടന്ന് പോകുന്നത് മൂലം സംസ്ഥാന സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. റെയ്ഡിന് വിജിലൻസ് പുതിയ വഴികൾ തേടുമ്പോൾ അത് മറികടക്കാൻ ഉദ്യോഗസ്ഥർ വേറെ വഴികൾ കണ്ടെത്തും. കാന്തത്തിന്റെ സഹായത്തോടെ ഇരുമ്പ് മേൽക്കൂരയിൽ പണം ഒളിപ്പിക്കുന്നതും രഹസ്യങ്ങൾ കൈമാറാൻ വാക്കി ടോക്കി ഉപയോഗിക്കുന്നതുമായ നൂതന രീതികളെല്ലാം ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥർ ആവിഷ്‌കരിച്ചു. കൈക്കൂലിയായി എത്തിയ പഴവർഗ്ഗങ്ങളും പച്ചക്കറികളും പോലും ഇവിടെ പിടിച്ചെടുത്തിട്ടുണ്ട്. 2023 ജനുവരി 10ന് റെയ്ഡിൽ 13300 രൂപ പിടിച്ചെടുത്ത വിജിലൻസ് ശബരിമല തീർത്ഥാടകരിൽ നിന്ന് ഉൾപ്പെടെ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
വാളയാറിന് വിജിലൻസ് റെയ്ഡ് പുത്തരിയല്ല. 2019 ജൂലായ് 29ന് വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കളക്ഷനായി കിട്ടിയ നികുതി വരുമാനത്തേക്കാൾ വലിയ തുകയാണ് അന്ന് കൈക്കൂലിയായി പിടിച്ചെടുത്തത്. പക്ഷെ അതിനു ശേഷവും കൈക്കൂലിക്ക് കുറവുണ്ടായില്ല. 2020 ഒക്ടോബർ 24 ന് മോട്ടോർ വാഹന വകുപ്പിന്റെ ചെക്‌പോസ്റ്റിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് 14000 രൂപ പിടിച്ചെടുത്തു. പി.വി.സി പൈപ്പിനകത്തും അലമാറയിലെ രഹസ്യ അറകളിലുമാണ് പണം സൂക്ഷിച്ചിരുന്നത്.
ഇതോടെ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ ശൈലി മാറ്റി. പണം നേരിട്ട് വാങ്ങാതെ ഏജന്റുമാരുടെ സേവനം ഉപയോഗപ്പെടുത്തി തുടങ്ങി. 2021 ജൂലായ് 27ന് വിജിലൻസ് മിന്നൽ പരിശോധനയിൽ ഏജന്റായ മോഹന സുന്ദരം എന്നയാളെ പിടികൂടി. 1.7 ലക്ഷം രൂപയും പിടിച്ചെടുത്തു. ഓരോ മണിക്കൂറിലും ഉദ്യോഗസ്ഥർ ഏൽപ്പിക്കുന്ന തുക ചെക്‌പോസ്റ്റ് പരിസരത്തെ പെട്ടിക്കടകളിലും ചായക്കടകളിലും കൊണ്ടു വയ്ക്കുകയെന്ന ദൗത്യമാണ് ഏജന്റ് നിർവ്വഹിച്ചിരുന്നത്.
ഏജന്റ് ഒഴിവായിട്ടും കൈക്കൂലി നിലച്ചിരുന്നില്ലെന്ന് ബോധ്യപ്പെട്ടത് അടുത്ത റെയ്ഡിലാണ്. 2022 ജനുവരി നാലിന് വേഷ പ്രച്ഛന്നരായി ചെക്‌പോസ്റ്റ് നിരീക്ഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടത് ചെക്പോസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ കളക്ഷനായി എത്തുന്ന പണം ചെറുകെട്ടുകളാക്കി മാറ്റി തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുന്നതാണ്. എറിയുന്ന പണം നഷ്ടപ്പെടാതിരിക്കാൻ കാട്ടിൽ കാവലിന് ആളെയും നിറുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |