ഒടുവിൽ പി.വി. അൻവർ ഇരട്ടവെടി പൊട്ടിച്ചു. വലിയ ശത്രുസംഹാര വെടി എൽ.ഡി.എഫിനു നേർക്ക്. ചെറിയ സൗഹൃദ
വെടി യു.ഡി.എഫിനിട്ടും! ഇടതു സ്വതന്ത്ര എം.എൽ.എ ആയിരുന്ന അൻവർ തൽസ്ഥാനം രാജിവച്ചതോട നിലമ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് രണ്ടു മുന്നണികൾക്കും വീണ്ടും പോർക്കളമാവുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് കുത്തകയാക്കിയിരുന്ന നിലമ്പൂർ സീറ്റ് സി.പി.എമ്മിന്റെ കൈയിലെത്തിച്ചത് അൻവറാണ്. കോൺഗ്രസിൽ നിന്നെത്തിയ അൻവറിനെ സ്വതന്ത്ര വേഷം കെട്ടിച്ചാണ് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സീറ്റ് പിടിച്ചത്. ഒടുവിൽ അൻവർ മുന്നണി വിട്ടപ്പോൾ, അതുകൊണ്ട് പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് സി.പി.എം നേതാക്കൾ പറഞ്ഞത്.
നിയമസഭയിൽ പ്രതിപക്ഷത്ത് ഒരു മൂലയിലിരുന്ന് ഇനി ബാക്കിയുള്ള പതിനാറു മാസക്കാലം സർക്കാരിനെ നോക്കി കൊഞ്ഞനം കുത്തിക്കൊട്ടെ. ആർക്കാ ചേതം? ഇപ്പോൾ കളി മാറി. ബംഗാളിലെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ക്യാമ്പിൽ അഭയം തേടിയ അൻവർ, നിലമ്പൂരിൽ ആറു മാസത്തിനകം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സ്വമേധയാ പിന്തുണയും പ്രഖ്യാപിച്ചു. സി.പി.എമ്മിന് ഇനി അൻവറിന്റെ പിന്തുണയുള്ള യു.ഡി.എഫ് എതിരാളി. പിണറായി സർക്കാരിന്റെ തകർച്ചയിലേക്കുള്ള അവസാനത്തെ ആണിയെന്നാണ് അൻവർ പറയുന്നത്. സി.പി.എമ്മിന് ഇത് ജീവന്മരണ പോരാട്ടം. അവിടെയെങ്ങാനും തോറ്റാൽപ്പിന്നെ തലയിൽ മുണ്ടിട്ട് നടക്കണ്ടേ?
പൊലീസ് പട രാത്രി വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതോടെ വീരപരിവേഷത്തിലായിരുന്നു അൻവർ. ആദിവാസി യുവാവിനെ ആന കുത്തിക്കൊന്ന സംഭവത്തിൽ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു വനം വകുപ്പ് ഓഫീസിലേക്ക് അൻവറും കൂട്ടരും മാർച്ച് നടത്തിയത്. മാർച്ചിനിടെ ഫോണുമായി അൻവർ പുറത്തേക്കു പോയ തക്കം നോക്കി അനുയായികൾ ഓഫീസിൽ കടന്നുകയറി കരിമ്പിൻ തോട്ടത്തിലിറങ്ങിയ ആനയെപ്പോലെ കണ്ണിൽക്കണ്ടതെല്ലാം അടിച്ചു തകർത്തു. അതിന് താനെന്തു പിഴച്ചെന്നാണ് പുള്ളിക്കാരന്റെ ചോദ്യം. സൂത്രം കൈയിലിരിക്കട്ടെ എന്ന് പൊലീസും. ജാമ്യമില്ലാ വകുപ്പിൽ കേസ്, അറസ്റ്റ്. പിറ്റേന്ന് കോടതിയിൽ നിന്ന് ജാമ്യം നേടി. ഒറ്റയാൾ പട്ടാളത്തിന്റെ ഗമയിൽ അൻവർ ഉടൻ പ്രഖ്യാപിച്ചു: താൻ ഇനി യു.ഡി.എഫിലേക്ക്. പക്ഷേ, തിരിച്ച് പ്രതികരണമില്ല.
തുടർന്നാണ്, നേരെ പാണക്കാട്ടേക്കു വിട്ടത്. പാണക്കാട് സാദിഖലി തങ്ങളും മറ്റും സ്വീകരിച്ചിരുത്തി സത്കരിച്ചു. പക്ഷേ, കോൺഗ്രസിന്റെ സമ്മതമില്ലാതെ യു.ഡി.എഫ് പ്രവേശനത്തിന് അവർ പച്ചക്കൊടി വീശുമെന്നു കരുതിയത് വെറുതെയായി. നിയമസഭയിൽ ഭരണപക്ഷത്തിരുന്ന് തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച അൻവറിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അത്ര പെട്ടെന്ന് മറക്കാനാവുമോ? പണ്ട് കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നപ്പോഴത്തെ സൗഹൃദം മറന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും മുഖം തിരിച്ചു. നിയമസഭയിൽ പിണറായിക്കൊപ്പം നിന്ന്, രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞയാളാണ് കക്ഷി.
യു.ഡി.എഫിൽ തൃണത്തിന്റെ വില പോലും കിട്ടില്ലെന്ന് ഉറപ്പായതോടയാണ് ,അൻവർ നേരെ കൊൽക്കത്തയ്ക്കു വിട്ടത്. നേരത്തേ ഡി.എം.കെയുടെ പേര് കടമെടുത്തെങ്കിലും അവർ തള്ളിപ്പറഞ്ഞു. പിണറായി പറ്റിച്ച പണിയാണത്രെ. ബി.ജെ.പിലേക്ക് പോകാനും വയ്യ. പിന്നെ ആശ്രയം മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തന്നെ. മമതയ്ക്കാണെങ്കിൽ തെക്കേ ഇന്ത്യയിൽ നിന്ന് ഒരു എം.എൽ.എയെ കിട്ടുന്നതിന്റെ സന്തോഷം. അതും ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനെ. അൻവറിനെ പിടിച്ച് പാർട്ടിയുടെ കേരള കോ- ഓർഡിനേറ്ററാക്കി. പക്ഷേ, അവിടെയും കുരുക്ക്. ഇടതു സ്വതന്ത്രനായി ജയിച്ച് നിയമസഭയിലെത്തിയ ആൾ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ സ്ഥാനം പോകും. ഒറ്റയ്ക്കു നിന്നാൽ ക്ളച്ച് പിടിക്കില്ല. അതിനാൽ, ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ.
വി.ഡി.സതീശന്റെ പഴയ പിണക്കം മാറ്റാൻ സമസ്താപരാധവും പറഞ്ഞ് മാപ്പപേക്ഷയും. സതീശൻ പൊറുത്താലും, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന അൻവറിന്റെ ആവശ്യം നടക്കുമോയെന്ന് കണ്ടറിയണം. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തുമായുള്ള അൻവറിന്റെ 'ഇരിപ്പുവശം" അത്ര പോരാ. അയാൾ കഥയെഴുതുകയാണ് എന്നാണ് അൻവറിന്റെ പരിഹാസം. എം.എൽ.എ സ്ഥാനം പോയാലെന്താ; അൻവറിന് മമത രാജ്യസഭാ സീറ്റ് നൽകുമെന്നാണ് ഒടുവിൽ കേട്ടത്. എങ്കിൽ, സഖാക്കളെ, ഇനി നമുക്ക് ഡൽഹിയിൽ വച്ച് കാണാം!
'ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണ്" എന്ന സ്ഥിതിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.
പാർലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും തകർപ്പൻ വിജയം. അതോടെ 16 മാസത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയപ്രതീക്ഷ. പക്ഷേ, വൈകുന്നേരം വരെ വെള്ളം കോരിയ ശേഷം കലമിട്ട് ഉടയ്ക്കുന്ന നേതാക്കളുടെ ശീലത്തിനു മാത്രം മാറ്റമില്ല. ഭരണം പിടിച്ചാൽ ആര് മുഖ്യമന്ത്രിയാവണമെന്നതിനെ ചൊല്ലിയായി കിട മത്സരം.
ഒരു സമുദായത്തിന്റെയും ബ്രാൻഡാവാൻ താത്പര്യമില്ലാത്ത ശുദ്ധ മതേതരവാദിയാണെന്നും, നാലു വോട്ടിനു വേണ്ടി ഒരു സമുദായ നേതാവിന്റെയും തിണ്ണ നിരങ്ങാൻ തന്നെ കിട്ടില്ലെന്നും വീമ്പിളക്കി നടന്നവർ അതിന്റെ തിക്തഫലം അനുഭവിച്ചതോടെ കളം മാറി ചവിട്ടി. സമുദായ നേതാക്കളുടെ ഇഷ്ടതോഴനാകാനായി പിന്നെ മത്സരം. പരസ്പരം കടത്തി വെട്ടി മുന്നേറാൻ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ശ്രമിക്കുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ചെവിക്കു പിടിച്ചത്. മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കാൻ സമയമായിട്ടില്ലെന്നും, ഇപ്പോൾ ശ്രദ്ധിക്കേണ്ടത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലാവണമെന്നും ഉപദേശം.
എന്നിട്ടും പത്തി മടക്കുന്ന മട്ടില്ല. കഴിഞ്ഞ ദിവസം കെ.പി.സി.സി നടത്തിയ രണ്ടു പരിപാടികളിൽ, തലസ്ഥാനത്തുണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തില്ല. പിറ്റേന്നു നടന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പകരം വീട്ടി. കഴിഞ്ഞ ദിവസം ചേരാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. ചില നേതാക്കളുടെ അസൗകര്യമാണത്രെ കാരണം. യോഗത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ദീപാ ദാസ് മുൻഷിയും തിരിച്ച് ഡൽഹിക്ക് വണ്ടിപിടിച്ചു. ഒടുവിൽ 'മണ്ണും ചാരി നിന്നവർ വീണ്ടും പെണ്ണുംകൊണ്ട് പോകുമോ" എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ഉത്ക്കണ്ഠ!
നുറുങ്ങ്:
സി.പി.ഐക്കാർ മദ്യപാനം ശീലമാക്കുകയോ, പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് മദോന്മത്തരായി നാലു കാലിലെത്തി
പാർട്ടിക്ക് നാണക്കേടുണ്ടാക്കുകയോ ചെയ്യരുതെന്ന് പെരുമാറ്റച്ചട്ടം. മദ്യപാനം അത്യാവശ്യമെങ്കിൽ സ്വന്തം വീട്ടിൽവച്ച് ആവാമെന്നും, പൂസായി റോഡിലിറങ്ങരുതെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിശദീകരണം പിന്നാലെ.
@ ബിവറേജസ് ശാലകൾക്കു മുന്നിലെ ക്യൂവിന് ഇനി നീളം കൂടിയേക്കും!
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |