പാലാ : സാധാരണ ശിഷ്യർക്ക് വേണ്ടിയാണ് ഗുരു പാടാറുള്ളതെങ്കിൽ പയപ്പാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവരങ്ങിൽ ഓട്ടൻതുള്ളൽ കലാകാരൻ പാലാ കെ.ആർ. മണിക്കായി പാടിയത് പ്രിയ ശിഷ്യ ശ്രീജയ. ഒപ്പം അച്ഛൻ ചെറുവള്ളിയില്ലം നാരായണൻ നമ്പൂതിരിയും ഈ പാട്ടിനോടൊത്തുചേർന്നു. ഇപ്പോൾ ദുബായിൽ സർക്കാർ സർവീസിൽ നഴ്‌സായ ശ്രീജയയെ മൂന്നാംക്ലാസ് മുതൽ ഓട്ടൻതുള്ളൽ പരീശീലിപ്പിച്ചത് കലാമണ്ഡലം കെ.ആർ. മണിയാണ്. ആദ്യഗുരു അച്ഛൻ നാരായണൻ നമ്പൂതിരിയായിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ ഓട്ടൻതുള്ളലിൽ തിളങ്ങിയ ശ്രീജയ പ്ലസ് ടു വരെ മത്സര രംഗത്തുണ്ടായിരുന്നു. കലാമണ്ഡലം ജനാർദ്ദനന്റെയും, പ്രഭാകരന്റെയും കീഴിലും പരിശീലനം നേടിയിട്ടുണ്ട്. ഭർത്താവ് ശ്രീജിത്ത് കമ്പനിയിൽ സൂപ്പർവൈസറാണ്. മാധവ്, മയൂഖ എന്നിവരാണ് മക്കൾ. രാജമ്മയാണ് മാതാവ്. സഹോദരി : ശ്രീകല.
അവിചാരിതം അരങ്ങിലേക്ക്
പയപ്പാർ ക്ഷേത്രോത്സവ ഭാഗമായി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഹരിശ്ചന്ദ്ര ചരിത്രം കഥ നൃത്തരൂപത്തിൽ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ അവിചാരിതമായ കാരണങ്ങളാൽ നടന്നില്ല. പകരം കലാമണ്ഡലം മണിയുടെ ''ഗരുഡഗർവ്വഭംഗം'' ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ നിശ്ചയിച്ചു. പെട്ടെന്ന് പറഞ്ഞതിനാൽ പാട്ടുകാരെ കിട്ടിയില്ല. ശ്രീജയ ഉത്സവത്തിനായി നാട്ടിലെത്തിയിട്ടുണ്ടായിരുന്നു. പാട്ടുകാരെ കിട്ടാതെ വന്നപ്പോൾ ''എന്നാൽ ശിഷ്യതന്നെ പാടിക്കോട്ടെ'' എന്നായി ഗുരു. പഴയ പാട്ടുകൾ അത്ര ഓർമ്മയിൽ ഇല്ലാതിരുന്നതിനാൽ ബുക്ക് നോക്കിയായിരുന്നു പാട്ട്. പായിപ്പാട് രാധാകൃഷ്ണനായിരുന്നു മൃദംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |