വെഞ്ഞാറമൂട്: പാറക്വാറി പ്രവർത്തനം ജനജീവിതത്തിന് ഭീഷണിയാകുന്നതായി പരാതി. നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ പഞ്ചായത്തിൽ മുക്കുടിൽ മാമൂട് മലയിൽ പ്രവൃത്തിക്കുന്ന ക്വാറിയാണ് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്. പാറക്വാറിയുടെ താഴ്‌വാരം പ്രകൃതി ദുരന്ത ഭീഷണിയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു. 2023 ഒക്ടോബർ 15ന് പാറമലയുടെ അടിവാരത്ത് മാമൂട് ജംഗ്ഷനിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. പുതിയതായി നിർമ്മിച്ച ആൾതാമസമുള്ള ഒരു ഇരുനില വീട് മണ്ണിടിച്ചിലിൽ പൂർണമായും മണ്ണിനടിയിലായി. മലയിടിച്ചിൽ ഉണ്ടാകുമെന്ന് സംശയിച്ച നാട്ടുകാർ വീട്ടിൽ നിന്നും ആളുകളെ മുൻകൂട്ടി മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ പ്രദേശവാസികളുടെ പ്രക്ഷോഭത്തിൽ പുല്ലമ്പാറ പഞ്ചായത്ത് ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ദുരന്ത ഭീതി നിലനിൽക്കെ അധികൃതർ വീണ്ടും ക്വാറിക്ക് പ്രവർത്തനാനുമതി നൽകുകയും മലയിൽ പാറ ഖനനം ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് പ്രദേശത്തെ വീടുകൾക്ക് കേട് സംഭവിച്ചു തുടങ്ങിയതെന്ന് നാട്ടുകാർ വിവിധ വകുപ്പ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. അധികൃതർ അടിയന്തരമായി നടപടി സ്വീകരിച്ച് പ്രദേശത്തെ വലിയ ദുരന്തങ്ങളിൽ നിന്നു രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അനുമതിയില്ലാതെയും
ജനവാസ മേഖലകളെ ഒഴിവാക്കിയും
നിലവിൽ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിട്ടിയുടെ അനുമതിയില്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും 2018ൽ ജില്ലാ പരിസ്ഥിതി ആഘാത പഠനവകുപ്പിൽ നിന്നുള്ള അനുമതി മാത്രമാണുള്ളതെന്നും ഇത് മതിയായ അനുമതിയല്ലെന്നും പരാതിയിൽ പറയുന്നു. മലയുടെ സമീപത്തെ ജനവാസ മേഖലയായ വേങ്കമല, മരുതുംമൂട്, മാമൂട്, പുല്ലമ്പാറ, മുത്തിക്കാവ് പ്രദേശങ്ങളെ ജനവാസമേഖലയില്ലാത്ത പ്രദേശങ്ങളായി കാണിച്ച് ഒരു കിലോമീറ്റർ അകലെയുള്ള മുക്കുടിൽ ഗ്രാമത്തെ മാത്രം കെട്ടിടങ്ങളുള്ള പ്രദേശമായി പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിൽ കാണിച്ചിരിക്കുകയാണെന്നും ഇത് തെറ്റാണെന്നും പരാതിയിലുണ്ട്.
അപകട ഭീഷണിയിൽ
ഇപ്പോൾ ക്വാറി അധികൃതർ നേടിയ കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കുറച്ചു കാലത്തേക്കു മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 2 മാസമായി നടത്തുന്ന ഉഗ്ര സ്ഫോടനത്തോടെയുള്ള പാറഖനനമാണ് വീടുകൾക്ക് കേടു സംഭവിക്കാൻ കാരണമെന്നും താഴ്‌വാരത്തെ വീടുകളുടെ ഭിത്തികൾ പൊട്ടിയ നിലയിലുമാണെന്നും പരാതിയിലുണ്ട്. മാമൂട്ടിൽ ഷംസുദീൻ, സുഗതൻ, ഷാനവാസ് എന്നിവരുടെ വീടും പുലമ്പാറയിൽ ഷാജഹാൻ, ജലാൽ, മുഹമ്മദ് ബഷീർ എന്നിവരുടെ വീടുകളും അതീവ അപകടാവസ്ഥയിലാണ്. മലയടിവാരത്തെ 33 വീടുകളും വേങ്കമല അമ്പലത്തിനോട് ചേർന്നുള്ള 18 വീടുകളും ദുരന്ത ഭീഷണിയിലാണെന്നും പ്രദേശവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |