ആലുവ: ഉളിയന്നൂരിൽ രണ്ട് നിർദ്ധന കുട്ടികൾക്കായി ശേഖരിച്ച ചികിത്സ സഹായ ഫണ്ട് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി അടിച്ചുമാറ്റിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഉളിയന്നൂർ എൽ.പി സ്കൂളിൽ ചേർന്ന യോഗം കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടിനെ ഉപയോഗിച്ച് ഓഡിറ്റ് ചെയ്യിക്കാൻ തീരുമാനിച്ചു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഉളിയന്നൂരിൽ ക്യാൻസർ രോഗ ബാധിതരായ 15 ,7 വയസുള്ള രണ്ട് കുട്ടികളുടെ ചികിത്സക്കായി ഒരു കോടി രൂപ ശേഖരിക്കാനായിരുന്നു ചികിത്സാനിധി. ഡി.സി.സി ഭാരവാഹിയുടെ സഹോദരന്റെ മക്കൾക്കായിരുന്നു സഹായം. പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ എന്നിവർ ഉൾപ്പെടെ ഭാരവാഹികളായിട്ടാണ് സമിതി രൂപീകരിച്ചത്. സഹകരണ ബാങ്കിൽ ജീവനക്കാരനായ കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറിയാണ് കുട്ടികളുടെ പിതാവിനെ ബാങ്കിലേക്ക് വരുന്ന പണം എടുക്കുന്നതിനും മറ്റും സഹായിച്ചിരുന്നത്. ഈ സൗകര്യം ഉപയോഗിച്ച് 12.86 ലക്ഷം രൂപ ആരോപണ വിധേയൻ ഫെഡറൽ ബാങ്കിലെയും എസ്.ബി.ഐയിലേയും സ്വന്തം അക്കൗണ്ടിലേക്ക് മറിച്ചതായാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ ഏഴ് ലക്ഷം മടക്കി നൽകി. ബാക്കി നൽകാതായതോടെ കുട്ടികളുടെ പിതാവ് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തലിനും അംഗം സിയാദിനും രേഖാമൂലം പരാതിപ്പെടുകയായിരുന്നു.
അടിയന്തര യോഗം ചേർന്നു
ചൊവ്വാഴ്ച്ച രാത്രി ഉളിയന്നൂർ സ്കൂളിൽ അടിയന്തര ചികിത്സ സഹായ സമിതി യോഗം ചേർന്നത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പാർട്ടിക്ക് നാണക്കേടാവുമെന്ന ഘട്ടം വന്നതോടെയാണ് ഓഡിറ്റിംഗ് നടത്താമെന്ന തീരുമാനത്തിലേക്കെത്തി.
14 ലക്ഷം കവർന്നുവെന്ന്
കെ.പി.സി.സി ജനറൽ സെക്രട്ടറി രക്ഷാധികാരിയായി രൂപീകരിച്ചതാണ് ചികിത്സാ സഹായ നിധി. ബ്‌ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി 14 ലക്ഷം കവർന്നതായി ആരോപണം. തട്ടിയെടുത്ത തുക ഉപയോഗിച്ച് ബ്‌ളോക്ക് നേതാവ് വിവിധ വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |