വിതരണം നിലച്ചിട്ട് അഞ്ച് ദിവസം
കോഴിക്കോട്: കുടിശ്ശികയുടെ പേരിൽ മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം നിലച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയത്തിൽ ദുരിതത്തിലായത് ആയിരക്കണക്കിന് ന് രോഗികൾ. ആശുപത്രി വികസന സൊസെെറ്റിക്ക് കീഴിലുള്ള ന്യായവില മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകളുടെ സ്റ്രോക്ക് ഇന്നലെയോടെ ഏതാണ്ട് തീർന്ന സ്ഥിതിയാണ്. അത്യാവശ്യ മരുന്നുകൾ മാത്രമാണ് നിലവിലുള്ളത്. ഇതോടെ കാർഡിയോളജി, ഡയാലിസിസ് രോഗികൾ ആശങ്കയിലാണ്.
ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ 90കോടിയോളം രൂപയാണ് വിതരണക്കാർക്ക് മെഡിക്കൽ കോളേജ് നൽകാനുള്ളത്. 10 മുതൽ കരാറുകാർ മരുന്ന് വിതരണം നിർത്തി. ശനിയാഴ്ച ഏപ്രിൽ മാസത്തെ കുടിശ്ശിക ആറ് കോടി കൊടുത്തെങ്കിലും ഒക്ടോബർ വരെയുള്ള കുടിശ്ശിക ലഭിക്കാതെ വിതരണം പുനരാരംഭിക്കില്ലെന്ന കടുത്ത നിലപാടിലാണ് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ.
മരുന്നിനായി നെട്ടോട്ടം
കാരുണ്യ ആരോഗ്യ ഇൻഷ്വറസ് വഴി ലഭിക്കുന്ന സർജറി അടക്കമുള്ള ചികിത്സകളും മരുന്ന് വിതരണവും മുടങ്ങി. ജനറൽ മെഡിസിനുകളും പ്രഷർ, ഷുഗർ മരുന്നുകളും സ്റ്റോക്കില്ല.ഇതോടെ രോഗികൾ പുറത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഡോക്ടർ എഴുതുന്ന കുറിപ്പുമായി ന്യായവില മെഡിക്കൽ ഷോപ്പിൽ എത്തുന്ന രോഗികൾ മരുന്ന് ലഭിക്കാതെ വട്ടം കറങ്ങുകയാണ്. ഡയാലിസിസ് ചെയ്യാൻ നേരത്തെ ഓരാഴ്ചത്തേക്കുള്ള മരുന്നുകൾ എത്തിക്കുമായിരുന്നു. എന്നാൽ അതാത് ദിവസത്തേക്കുള്ള മരുന്നുകൾ മാത്രമാണ് നൽകുന്നത്. ഫിൽട്ടർ, ഇഞ്ചക്ഷൻ ട്യൂബുകൾ എന്നിവയും കുറഞ്ഞു തുടങ്ങി. വരും ദിവസങ്ങളിൽ അതും തീർന്നാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു ദിവസം 50 പേർക്കാണ് ഡയാലിസ് ചെയ്യുന്നത്. കാൻസർ രോഗികൾക്കുള്ള പല മരുന്നുകളും തീർന്നു. യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്ക് വേണ്ട വിവിധ ഉപകരണങ്ങളുടെ വിതരണവും നിലച്ചു. സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിർത്തിവച്ചതോടെ ഗ്ലൗസ്, സൂചി, കൈയുറ, കോട്ടൺ, നൂല്, സിറിഞ്ച് എന്നിവയ്ക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. സർജിക്കൽ സ്റ്റോറിലും ഇംപ്ലാന്റ് സ്റ്റോക്ക് കുറഞ്ഞുതുടങ്ങി.ശസ്ത്രക്രിയ ഉപകരണങ്ങൾ ആശുപത്രി വികസന സമിതിയുടെ സ്റ്റോറിൽ ഇല്ലാത്തതിനാൽ വൻതുക കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികൾ.
''സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം''- സന്തോഷ് കുമാർ, വെെസ് പ്രസി.
ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ
ആരോഗ്യ മന്ത്രി രാജിവയ്ക്കണം:
അഡ്വ.കെ.പ്രവീൺ കുമാർ
കോഴിക്കോട് : മെഡി. കോളജിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, രോഗികൾക്ക് അടിയന്തരമായി മരുന്ന് എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ഡി.സി.സി.യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. റഫറൽ സംവിധാനമുള്ള മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്ക് മരുന്ന് എത്തിക്കാൻ കഴിയാത്ത ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത്യാഹിതം സംഭവിച്ച് കാഷ്വാലിറ്റിയിൽ ചികിത്സക്കായി എത്തുമ്പോൾ മുറിവ് കെട്ടാനുള്ള ബാൻഡേജ് വരെ പുറത്തു നിന്ന് വാങ്ങേണ്ട ദയനീയ അവസ്ഥയാണുള്ളത്.
മരുന്ന് വിതരണം അടിയന്തരമായി പുനരാരംഭിക്കുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനു കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർമാരായ കെ രാമചന്ദ്രൻ, അഡ്വ.കെ.എം ഉമർ, ഡി.സി.സി ഭാരവാഹികൾ രമേശ് നമ്പിയത്ത്, വിനോദ് പടനിലം, പി കുഞ്ഞി മൊയ്തീൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത,
തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ പി.വി ബിനീഷ് കുമാർ സ്വാഗതവും രവികുമാർ പനോളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |