വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കഴിഞ്ഞ ജൂലായ് 30-നുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 32 പേർ മരിച്ചതായി കണക്കാക്കി, ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചത് നന്നായി. ദിവസങ്ങൾ നീണ്ട തിരച്ചിലുകളിലും കണ്ടെത്താൻ കഴിയാത്തവരാണ് ഈ 32 പേരും. നിയമപ്രകാരം ഏഴുവർഷം കഴിഞ്ഞാലേ ഇത്തരത്തിൽപ്പെട്ടവർ മരിച്ചതായി കണക്കാക്കി സർക്കാരിന് അനന്തര നടപടികളിലേക്കു കടക്കാനാവൂ. എന്നാൽ വയനാട്ടിലെ ഉരുൾദുരന്തത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. വീടുകൾക്കൊപ്പം ഒഴുകിപ്പോയവർക്കായുള്ള തിരച്ചിലിൽ ഒട്ടേറെപ്പേരെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞിരുന്നു. നിരവധി ജഡങ്ങളും വീണ്ടെടുക്കാനായി. പലരുടെയും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതിനൊക്കെ ശേഷവും 32 പേരെ കണ്ടെത്താനായില്ലെന്ന് റവന്യു അധികൃതർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവരുടെ ശേഷിക്കുന്ന കുടുംബങ്ങൾക്ക് ദുരന്ത നിവാരണ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെങ്കിൽ ഇവർ ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പാക്കണം. സർക്കാർ അതനുസരിച്ചുള്ള തീരുമാനമെടുത്താൽ മതിയാകും.
കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ അവിടങ്ങളിലെ പൊലീസ് സ്റ്റേഷനിലുണ്ട്. റവന്യു വകുപ്പിന്റെ പരിശോധനകൾ പൂർത്തിയാക്കി, രേഖയിലുള്ള ആൾക്കാരെ ഇനിയും കണ്ടെത്താൻ സാദ്ധ്യതയില്ലെന്ന് റിപ്പോർട്ട് നൽകണം. ഇതിനെ ആധാരമാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി വേണം കാണാതായവരുടെ പട്ടിക അന്തിമമായി തയ്യാറാക്കാൻ. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കഴിഞ്ഞ് ഒരു മാസത്തിനകം ആശ്രിതർക്ക് നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഈ മാസംതന്നെ നടപടികൾ ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഉരുൾ ദുരന്തം നടന്ന് ആറുമാസമായിട്ടും പുനരധിവാസ നടപടികൾ ആരംഭിക്കാത്തത് ദുരന്തബാധിതരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വീടുകൾ നഷ്ടപ്പെട്ടവർക്ക് അടുത്ത മഴക്കാലത്തിനു മുമ്പെങ്കിലും കിടപ്പാടം ഒരുങ്ങേണ്ടതായിരുന്നു. ഇതിനായി സർക്കാർ വിപുലമായ പുനരധിവാസ പദ്ധതി തയ്യാറാക്കിയെങ്കിലും മുന്നോട്ടു കൊണ്ടുപോകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു ടൗൺഷിപ്പുകൾക്കായി സ്വകാര്യ എസ്റ്റേറ്റ് വക സ്ഥലം ഏറ്റെടുക്കാനാനുള്ള പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതിയും ലഭിച്ചിരുന്നു. എന്നാൽ എസ്റ്റേറ്റുടമകൾ കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതോടെ നിയമയുദ്ധം നീണ്ടുപോകുമെന്ന് ഉറപ്പായി. പതിറ്റാണ്ടുകളായി കൈവശം വച്ചനുഭവിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനേക്കർ വരുന്ന തോട്ടങ്ങളിൽ നിന്ന് ചെറിയൊരു ഭാഗം, പ്രകൃതി ദുരന്തത്തിനിരയായവർക്ക് കിടപ്പാടമൊരുക്കാനായി വിട്ടുനൽകണമെന്ന ആവശ്യം തോട്ടം ഉടമകൾ നിരാകരിക്കുന്നതിലൂടെ അവരുടെ സാമൂഹ്യ പ്രതിബദ്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കോടതി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ നിലപാടെടുത്തിട്ടും തോട്ടം ഉടമകൾ വഴങ്ങാത്തതിനു പിന്നിൽ മറ്റു സ്വാർത്ഥ താത്പര്യങ്ങൾ കാണുമായിരിക്കും.
ഏതായാലും ടൗൺഷിപ്പിന്റെ മാതൃകകളും തയ്യാറാക്കി നിർമ്മാണം തുടങ്ങാനിരിക്കെ തോട്ടം ഉടമകൾ പുതിയ നിയമക്കുരുക്കുമായി മുന്നോട്ടുവന്നത് വയനാട്ടിലെ പുനരധിവാസ പദ്ധതിക്ക് തിരിച്ചടിയാകും. കേസ് നിലനിൽക്കെത്തന്നെ തോട്ടം ഉടമകളുമായി ചർച്ചകൾ നടത്തി നിലപാട് മാറ്റിയെടുക്കാൻ സർക്കാരിന് ശ്രമം നടത്താവുന്നതാണ്. വയനാടിനെ കീഴ്മേൽ മറിച്ച ദുരന്തത്തിൽ വേരറ്റുപോയ കുടുംബങ്ങൾക്കുവേണ്ടിയുള്ള പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തോട്ടം ഉടമകൾ സ്വമേധയാ മുന്നോട്ടുവരികയാണ് വേണ്ടിയിരുന്നത്. വിവിധ ജില്ലകളിൽ ഇവരുടേതായി കിടക്കുന്ന എസ്റ്റേറ്റുകൾ തിരിച്ചുപിടിക്കാനുള്ള സർക്കാരിന്റെ ഹർജികൾ കോടതികളിലുണ്ട്. വളരെ മുമ്പേ ചെയ്യേണ്ടിയിരുന്ന നിയമനടപടികൾ വൈകിച്ചതു മൂലമുണ്ടായ കുരുക്കാണ് സർക്കാർ ഇപ്പോൾ നേരിടുന്നതെന്നു പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |