കോതമംഗലം: സംസ്ഥാന ജല വിഭവ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള ഇറിഗേഷൻ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. വകുപ്പിന്റെ കീഴിലെ അണക്കെട്ടുകളും അനുബന്ധ സംവിധാനങ്ങളും സ്വകാര്യമേഖലയെ സഹകരിപ്പിച്ച് മികച്ച വരുമാനം നൽകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുകയാണ് ലക്ഷ്യം. ആദ്യ പദ്ധതി എറണാകുളത്തെ ഭൂതത്താൻകെട്ടിൽ നടപ്പാക്കുന്നതിന് സർക്കാരിന്റെ അനുമതിയായി. കോഴിക്കോട് ആസ്ഥാനമായ എഫ്.ഐ.സി.ടി. റീഡിഫൈൻ ഡസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ദൂതത്താൻകെട്ട് ഇറിഗേഷൻ ടൂറിസം കൈമാറിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇരുപത് വർഷത്തേക്കാണ് കരാർ. 125 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയുടെ വാഗ്ദാനം.
വിദേശരാജ്യങ്ങളിലുൾപ്പടെ ടൂറിസം പദ്ധതികൾ നടപ്പാക്കികൊണ്ടിരിക്കുന്ന കമ്പനിയാണ് എഫ്. ഐ.സി.ടി. റീഡിഫൈൻ ഡസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ്. സംസ്ഥാനത്തെ മറ്റ് മേഖലകളിലെ ഇറിഗേഷൻ ടൂറിസം പദ്ധതികളുടെ നടത്തിപ്പും ഇതേ കമ്പനിക്ക് നൽകാനാണ് ആലോചന. മന്ത്രി റോഷി അഗസ്റ്റിന്റെ താത്പര്യത്തിലാണ് ഇറിഗേഷൻ ടൂറിസം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
വരുന്നത് വൻ വികസന പദ്ധതി
ഭൂതത്താൻകെട്ട് അണക്കെട്ടും ജലാശയവും പെരിയാറും ബോട്ട് സവാരിയും മനോഹരമായ മലനിരകളും നിബിഢ വനവും തട്ടേക്കാട് പക്ഷി സങ്കേതവും ഇപ്പോൾ തന്നെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ഓരോ സീസണിലും ലക്ഷത്തിലേറെ സന്ദർശകർ എത്തുന്നുണ്ടെന്നാണ് കണക്ക്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ടൂറിസം വികസനം സാധ്യമാകുന്നതുവഴി ഭൂതത്താൻകെട്ടിലേക്ക് ഇപ്പോഴുള്ളതിന്റെ പതിൻമടങ്ങ് സഞ്ചാരികൾ ആകർഷിക്കപ്പെടും. ഭൂതത്താൻകെട്ടിലും സമീപ പ്രദേശങ്ങളിലും കൂടുതൽ തൊഴിൽ അവസരങ്ങളും വികസനവും ഉണ്ടാകും. അമ്യൂസ്മെന്റ് പാർക്ക് ഉൾപ്പെടെയുള്ള വലിയ വിനോദോപാധികളാണ് പുതിയ പദ്ധതിയുടെ ഭാഗമായി ഭൂതത്താൻകെട്ടിലെത്തുന്നത്.
ഇപ്പോഴുള്ള പൂന്തോട്ടം, പാർക്ക്, വാച്ച് ടവർ, ബോട്ട് സവാരി, ബോട്ട് ജട്ടികൾ എന്നിവ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് മാറ്റി.
നിറുത്തി വച്ചിട്ടുള്ള ബോട്ട് സവാരി സാങ്കേതിക നടപടികൾ പൂർത്തികരിച്ച ശേഷം പുനരാരംഭിക്കും.
കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി, നേര്യമംഗലം തുടങ്ങി പ്രദേശങ്ങളേയും ഉൾപ്പെടുത്തികൊണ്ടുള്ളതാണ് ഭൂതത്താൻകെട്ട് ഇറിഗേഷൻ ടൂറിസം പദ്ധതി. ഈ പ്രദേശങ്ങളിലെല്ലാം ടൂറിസം പ്രവർത്തനങ്ങളും നിർമ്മിതികളുമുണ്ടാകും.
നിബന്ധനകൾ
നിയമാനുസൃതമുള്ള പ്രവർത്തികൾ മാത്രം നടത്തുക
നിർമ്മിതികൾ എക്സിക്യൂട്ടീവ് എൻജിനീയറുടെ അനുമതിയോടെ മാത്രം നടത്തുക
വരുമാനം സർക്കാരുമായി പങ്കിടുക
ജലവിഭവവകുപ്പിന്റെ പ്രവർത്തനങ്ങൾക്കും ഭാവി ആവശ്യങ്ങൾക്കും തടസം സൃഷ്ടിക്കരുത്
വരുമാന കണക്കുകൾ സുതാര്യമായി സൂക്ഷിക്കണം
സർക്കാരിന് ലഭിക്കുന്ന വരുമാനം ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ വഴി വിനിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |