കൊച്ചി: അരലക്ഷത്തിലേറെ കുട്ടികൾ എഴുതുന്ന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഒരുക്കമൊന്നുമായില്ല. ഡിസംബറിൽ നടക്കേണ്ടിയിരുന്ന പരീക്ഷ ജനുവരിയിൽ നടത്താമെന്ന നിർദ്ദേശം വന്നിട്ടും ചോദ്യപേപ്പർ ശില്പശാല നടത്തുകയോ സർക്കുലർ ഇറക്കുകയോ ചെയ്തിട്ടില്ല. പരീക്ഷ വൈകിയാൽ മാർച്ചിനു മുമ്പ് സർട്ടിഫിക്കറ്റ്, സ്കോളർഷിപ്പ് വിതരണം മുടങ്ങും. ഇത് ഈ വർഷത്തെ സ്കോളർഷിപ്പ് തുക പാഴാകാൻ ഇടയാക്കും. മുമ്പ് ഇത്തരത്തിൽ സ്കോളർഷിപ്പ് പാഴായപ്പോഴാണ് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ ഇടപെട്ട് പരീക്ഷ ഡിസംബറിൽ നടത്താനാരംഭിച്ചത്. ഇത്തവണ പരീക്ഷ ജനുവരി 28ന് നടത്താമെന്ന് സർക്കാർ നിർദ്ദേശം മുന്നോട്ട് വെച്ചു. എന്നാൽ, ഇതിന് ഒരു സാധ്യതയുമില്ലെന്ന് അദ്ധ്യാപകർ പറയുന്നു. ചോദ്യപേപ്പർ ശില്പശാലയോ, മാതൃകാ ചോദ്യപേപ്പർ തയാറാക്കലോ നടക്കാതെ എങ്ങനെ പരീക്ഷ നടത്തുമെന്നതാണ് പ്രശ്നം.
17,545 വിദ്യാർത്ഥികൾക്കായി 58 ലക്ഷം രൂപയാണ് സംസ്കൃത സ്കോളർഷിപ്പ്. സംസ്കൃത ഭാഷാ പ്രവർത്തനങ്ങൾക്കായുള്ള പ്ലാൻ ഫണ്ട് വിഹിതമാണിത്. ഒരു സ്കൂളിലെ ഓരോ ക്ലാസിൽ നിന്നും രണ്ടു വിദ്യാർത്ഥികൾക്ക് വീതം പരീക്ഷയെഴുതാം. ഉപജില്ലയിൽ 40 എൽ.പി വിദ്യാർത്ഥികൾക്ക് 100 രൂപ വീതവും 45 യു.പി വിദ്യാർത്ഥികൾക്ക് 400 രൂപ വീതവും ഹൈസ്കൂളിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ 90 കുട്ടികൾക്ക് 600 രൂപ വീതവുമാണ് സ്കോളർഷിപ്പ്. സംസ്ഥാനത്താകെ 163 ഉപജില്ലകളും 41 വിദ്യാഭ്യാസ ജില്ലകളുമാണുള്ളത്.
ഫണ്ടുമില്ല, ചുമതലക്കാരുമില്ല
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട സംസ്കൃതം സ്പെഷ്യൽ ഓഫീസർ തസ്തിക 2022 ജൂൺ മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. അറബിക് സ്പെഷ്യൽ ഓഫീസർക്കാണ് അധിക ചുമതല. ഈ വർഷം സംസ്കൃതം അക്കാഡമിക് കൗൺസിൽ രൂപീകരിക്കുകയോ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല. സംസ്കൃത ദിനാചരണവും നടന്നില്ല. 96 ലക്ഷം രൂപ വരെയുണ്ടായിരുന്ന സംസ്കൃതം ഭാഷ പ്രവർത്തന ഫണ്ട് രണ്ട് ഘട്ടങ്ങളിലായി 55ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇതിപ്പോൾ സ്കോളർഷിപ്പിനും തികയുന്നില്ല.
ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതും സ്പെഷ്യൽ ഓഫീസറെയും റിസർച്ച് ഓഫീസറെയും നിയമിക്കാത്തതും സംസ്കൃതം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുകയാണ്."
അഭിലാഷ്.ടി. പ്രതാപ്
സംസ്ഥാന കമ്മിറ്റി അംഗം
കേരള സംസ്കൃതം
അദ്ധ്യാപക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |