ടെൽ അവീവ്: ഞായറാഴ്ച വെടിനിറുത്തൽ പ്രാബല്യത്തിൽ വരാനിരിക്കെ ഗാസയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. കുട്ടികൾ അടക്കം 81 പേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. അഭയാർത്ഥികൾ തങ്ങുന്ന സ്‌കൂളുകളിലും മറ്റും ബോംബാക്രമണങ്ങളുണ്ടായി. കരാർ നടപ്പാക്കാൻ തയ്യാറാണെന്ന് ഹമാസ് ആവർത്തിക്കുമ്പോഴും ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു.
വെടിനിറുത്തൽ കരാറിന് ഇസ്രയേൽ ഇനിയും ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. ഇതിനായി ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ വോട്ടെടുപ്പ് നീട്ടിവച്ചു. കരാറിലെ വ്യവസ്ഥകൾ അട്ടിമറിക്കാൻ ഹമാസ് അവസാന നിമിഷം ശ്രമിക്കുന്നെന്ന് ആരോപിച്ചാണിത്. എല്ലാ വ്യവസ്ഥകളും ഹമാസ് അംഗീകരിച്ചെന്ന് മദ്ധ്യസ്ഥ രാജ്യങ്ങൾ അറിയിച്ച ശേഷമേ മന്ത്രിസഭ യോഗം ചേരൂവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഇസ്രയേലിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹമാസ് പ്രതികരിച്ചു. ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലി ജനങ്ങളും രംഗത്തുണ്ട്. ആറാഴ്ച നീളുന്ന വെടിനിറുത്തലിന്റെ ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ വിട്ടയയ്ക്കാമെന്നാണ് ഹമാസിന്റെ ധാരണ. ഗാസയിലുള്ള 94 ബന്ദികളിൽ 60 പേർ മാത്രമേ ജീവനോടെയുള്ളു എന്നാണ് ഇസ്രയേലിന്റെ നിഗമനം.
കരാറിനെതിരെ ഇസ്രയേലി
തീവ്ര വലതുപക്ഷം
കരാറിനെ ഇല്ലാതാക്കാൻ നെതന്യാഹു സർക്കാരിലെ തീവ്ര വലതുപക്ഷ വാദികൾ ശ്രമം തുടരുന്നുണ്ട്. ഹമാസിനെ തോൽപ്പിക്കും വരെ ഇസ്രയേൽ യുദ്ധം തുടർന്നാലേ തന്റെ പാർട്ടി സർക്കാരിൽ തുടരൂവെന്ന് ധനമന്ത്രി ബെസാലൽ സ്‌മോട്രിച്ച് ഭീഷണിപ്പെടുത്തി. വെടിനിറുത്തൽ കരാർ അംഗീകരിച്ചാൽ സർക്കാർ വിടുമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വറും മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |