തിരുവനന്തപുരം: വിക്ഷേപണം മുതൽ അകന്നും അടുത്തും കളിച്ച ഉപഗ്രഹങ്ങളെ സംയോജിപ്പിക്കുന്ന നിർണായക ദൗത്യത്തിൽ വിജയിച്ച് ഇന്ത്യ. വൻകിട ബഹിരാകാശ ദൗത്യങ്ങളിലേക്ക് നോട്ടമിട്ട ഇന്ത്യയുടെ നിർണായക പരീക്ഷണമായിരുന്നു സ്പേയ്സ് ഡോക്കിംഗ്. റഷ്യയ്ക്കും അമേരിക്കയ്ക്കും ചെെനയ്ക്കുമുള്ള ഇൗ സാങ്കേതിക വിദ്യ ആരും പരസ്പരം കൈമാറാറില്ല. അതിനാൽ, ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഡോക്കിംഗ് സാങ്കേതിക വിദ്യ പരീക്ഷിക്കാനാണ് ഡിസംബർ 30ന് പി.എസ്.എൽ.വി റോക്കറ്റിൽ ചേസർ,ടാർജറ്റ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ജനുവരി 6ന് ഡോക്കിംഗ് നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. സെൻസറുകളിൽ നിന്നുള്ള ഡാറ്റാകൃത്യത പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ നടന്നില്ല.
ഇതിനിടെ, ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ.സോമനാഥൻ മാറി. പകരം ഡോ.നാരായണൻ വന്നു. ജനുവരി 9നാണ് പിന്നീട് ഡോക്കിംഗിന് സമയം കുറിച്ചത്. വിക്ഷേപിച്ചപ്പോൾ ആകാശത്ത് 476 കിലോമീറ്ററിന് മുകളിൽ 20കിലോമീറ്റർ പരസ്പരം അകന്ന് സമാന്തരമായി ഭൂമിയെ ചുറ്റിക്കൊണ്ടിരുന്ന 220കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളെയും അന്ന് 5 കിലോമീറ്റർ അടുപ്പിച്ചു. പിന്നീട് അകലം കുറച്ച് 500 മീറ്റർ വരെ അടുത്തെത്തിച്ചു. എന്നാൽ, അന്നും ഡോക്കിംഗ് നടന്നില്ല. സെൻസറുകൾ മിഴിയടച്ചതായിരുന്നു കാരണം.
90 മിനിറ്റിൽ ഭൂമിയെ വലംവയ്ക്കുന്ന മണിക്കൂറിൽ 28,800കിലോമീറ്റർ വേഗതയിൽ പായുന്ന ഉപഗ്രഹങ്ങളെ പിടിച്ചുനിറുത്തി പരസ്പരം കൂട്ടിയോജിപ്പിക്കുന്നത് നിസാരകാര്യമല്ല. അതും ഭൂമിയിലിരുന്ന് കമാൻഡുകൾ നൽകിയുള്ള ദൗത്യം. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ ഇസ്ട്രാക്ക് കേന്ദ്രത്തിലിരുന്ന് ശാസ്ത്രജ്ഞർ കഴിഞ്ഞ മൂന്നാഴ്ചയായി ഉൗഴമിട്ട് ഇതിനായി ശ്രമം തുടർന്നു.
സാഹചര്യങ്ങൾ
ഒത്തുവന്നു
ജനുവരി 12ന് മൂന്നുമീറ്റർ വരെ ഉപഗ്രഹങ്ങളെ അടുപ്പിക്കാൻ കഴിഞ്ഞെങ്കിലും അന്നും ഡോക്കിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ഇതോടെ പദ്ധതി നീണ്ടുപോകുമെന്ന ആശങ്കയായി.ഇതിന് പുറമെ സൂര്യപ്രകാശം കിട്ടുന്നതിലെ കുറവ് ഉപഗ്രഹങ്ങളിലെ സോളാർ പാനലുകളുടെ ശേഷിയെയും അതുവഴി സെൻസറുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ടെന്ന ആശങ്കയുണ്ടായി. എന്നാൽ, ഉപഗ്രഹങ്ങളിൽ ഇന്ധനം ആവശ്യത്തിനുണ്ടായിരുന്നു. എങ്കിലും ജനുവരി 20നകം ഡോക്കിംഗ് നടന്നില്ലെങ്കിൽ മാർച്ചു വരെ കാത്തിരിക്കേണ്ടി വന്നേനെ. ഗ്രഹണംമൂലം ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതുൾപ്പെടെയുള്ള കാരണംകൊണ്ടാണിത്. അതിനിടയിലാണ് ഇന്നലെ അപ്രതീക്ഷിതമായി സാഹചര്യങ്ങൾ ഒത്തുവന്നത്. പുലർച്ചെ സെൻസറുകൾ കൃത്യതയോടെ ഡാറ്റ കൈമാറുകയും കമാൻഡുകൾ ശരിയായി നൽകാനാകുകയും ചെയ്തതോടെ ഇന്ത്യ ചരിത്ര വിജയത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |