
ന്യൂഡൽഹി: ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ സതീഷ് ഷായ്ക്ക് വിട. (74) വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുംബയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ തിളങ്ങി.
1951ൽ ബോംബെയിലെ ഗുജറാത്തി കുടുംബത്തിലാണ് ജനനം. 1970കളിൽ അഭിനയരംഗത്തെത്തി. ഭഗവാൻ പരശുറാം ആണ് ആദ്യ സിനിമ. 1983ൽ ജാനെ ഭീ ദോ യാരോ എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. 1984ൽ ദുരദർശനിലെ യേ ജോ ഹെ സിന്ദഗി എന്ന ഹാസ്യ പരമ്പരയുടെ 55 എപ്പിസോഡുകളിൽ 55 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1990കൾ മുതൽ ഹിന്ദി സിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സാരാഭായ് വേഴ്‌സസ് സാരാഭായ് എന്ന ടെലിവിഷൻ സിറ്റ്‌കോമിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധക്കപ്പെട്ടു. ദിൽവാലെ ദുൽഹനിയ ലേ ജായെംഗെ, മേ ഹൂ ന, കഹോ നാ പ്യാർ ഹെ, കൽ ഹോ നഹോ, ഫനാ, ഓം ശാന്തി ഓം, ഹീറോ നമ്പർ വൺ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. 2014ൽ പുറത്തിറങ്ങിയ ഹംഷകൽസ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. 2005ൽ സാരാഭായ് വേഴ്‌സസ് സാരാഭായിയിലെ അഭിനയത്തിന് മികച്ച ഹാസ്യ നടനുള്ള ഇന്ത്യൻ ടെലിവിഷൻ അക്കാഡമി അവാർഡ് ലഭിച്ചു. 2015ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ അംഗമായി. കോസ്റ്റ്യൂം ഡിസൈനർ മധു ഷായാണ് ഭാര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |