തിരവനന്തപുരം : ദക്ഷിണേന്ത്യയിലേക്ക് കടൽമാർഗം വഴി ആറു ലഷ്‌കറെ തയ്ബ ഭീകരർ നുഴഞ്ഞുകയറിയെന്ന വാർത്ത സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിരിക്കുകയാണ്. കണ്ണിമചിമ്മാതെ ആയിരക്കണക്കിന് ഉദ്യോഗസ്ഥർ തമിഴ്നാട്ടിലെത്തിയ ഭീകരരെ പിടികൂടാനായി പരിശോധന നടത്തുകയാണിപ്പോൾ. കോയമ്പത്തൂരിലാണ് ഭീകരർ തമ്പടിച്ചിരിക്കുന്നതെന്ന മുന്നറിയിപ്പുള്ളതെങ്കിലും തമിഴ്നാട്ടിലെയും കേരളത്തിലെയും പൊലീസ് അതീവ ജാഗ്രതയിലാണ് ഇപ്പോഴുള്ളത്.തീവ്രവാദ സംഘത്തിൽ തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആറ് ലഷ്‌കർ ഭീകരരും ശ്രീലങ്കയിൽ നിന്ന് കടൽ മാർഗമാണ് തമിഴ്നാട്ടിൽ എത്തിയതെന്നാണ് സൂചന. എന്നാൽ ഭീകരരുടെ സാന്നിദ്ധ്യം തുടക്കത്തിലെ മനസിലാക്കി പ്രവർത്തിക്കുവാനായി എന്നത് സുരക്ഷ ഏജൻസിയുടെ മികവായി കണക്കാക്കാനാവും. നാല് വർഷങ്ങൾക്കു മുൻപ് 2015 ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ രഹസ്യമായി കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു. തീരപ്രദേശങ്ങൾ വഴി പ്രത്യേകിച്ച് തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖമായിരുന്നു ഡോവലിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. ഡോവലിന്റെ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ 2015ൽ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ശ്രീലങ്കയിൽ പാക് സൈനിക മേധാവി എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഡോവലിന്റെ രഹസ്യദൗത്യം കൊടിക്കാരൈ തുറമുഖത്തുണ്ടായത്. ചൈനയോട് അടുപ്പം കാത്തുസൂക്ഷിച്ച സർക്കാരായിരുന്നു ശ്രീലങ്കയിൽ അന്നുണ്ടായിരുന്നത്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നു എന്ന മട്ടിലാണ് ഡോവൽ എത്തിയത്. ഒരു വിവാഹ ചടങ്ങിലേക്ക് എന്ന വിവരമാണ് പുറത്തുവന്നതെങ്കിലും കന്യാകുമാരിയിൽ വച്ച് രാത്രിമുഴുവൻ തിരക്കിട്ട ചർച്ചകളാണ് അദ്ദേഹം നടത്തിയത്. കൊടിയക്കാരൈ തുറമുഖം വഴി ശ്രീലങ്കയിൽ നിന്നും ചൈനീസ് സഹായത്തോടെ പാക് ചാര ഏജൻസി വൻതോതിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുള്ള സാദ്ധ്യതയെ കുറിച്ചുള്ള മുന്നറിയിപ്പ് കിട്ടിയതാണ് അന്നു ഡോവലിന്റെ സന്ദർശനത്തിന് പിന്നിലുണ്ടായിരുന്നത്. ഈ സ്ഥലങ്ങൾ നേരിട്ടുകണ്ടു വിലയിരുത്തുവാനും രഹസ്യവിവരങ്ങൾ ശേഖരിക്കുവാനായുള്ള സംവിധാനങ്ങൾ കേരള തമിഴ്നാട് തീരങ്ങളിൽ വ്യാപകമാക്കാനും അന്നത്തെ ചർച്ചകളിൽ തീരുമാനമായിരുന്നു.
ശ്രീലങ്കയിലെ റാ, ഐ.ബി ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച ചില വിവരങ്ങളാണ് കന്യാകുമാരിയിലേക്ക് രഹസ്യദൗത്യത്തിന് അന്ന് ഡോവലിനെ പ്രേരിപ്പിച്ചത്. ദക്ഷിണേന്ത്യയുൾപ്പെടെ ദക്ഷിണേഷ്യയിൽ ശക്തമായ സുരക്ഷ സംവിധാനമാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിനുള്ളത്. ഏതാനും മാസങ്ങൾക്കു മുൻപ് ശ്രീലങ്കയെ നടുക്കിയ ബോംബ് സ്‌ഫോടനത്തിൽ വ്യക്തമായ മുന്നറിയിപ്പ് ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയിരുന്നു. ബോംബ് സ്ഥോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് തീവ്രവാദികളുടെ പേരുവിവരങ്ങൾ സഹിതം അറിയിച്ചുവെങ്കിലും ശ്രീലങ്കയിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് കാര്യമാക്കാതിരുന്നതാണ് തീവ്രവാദികളുടെ പദ്ധതി നടപ്പിലാവാൻ കാരണമായത്. അടുത്തിടെ രഹസ്യമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ മാലിയുടെ മുൻ ഉപരാഷ്ട്രപതി അഹമ്മദ് അദീപിനെ കൈയ്യോടെ പിടിക്കാൻ ഇന്ത്യൻ സുരക്ഷ ഉദ്യോഗസ്ഥർക്കായി. 2008ൽ മുംബയിൽ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം കടൽ മാർഗം വഴിയുള്ള തീവ്രവാദികളുടെ ആക്രമണ പദ്ധതിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അതീവ ജാഗ്രത പുലർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |