കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മെഗാനൃത്ത പരിപാടിക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയതിനും ചേർത്തുപിടിച്ചതിനും നന്ദിയുണ്ടെന്ന് ഉമ തോമസ് പറഞ്ഞപ്പോൾ അത് കടമയാണെന്നും നാടാകെ ചേർന്നു നിന്നെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഉമയെ കാണാൻ തനിക്കൊപ്പം വരണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. വേഗത്തിലുള്ള തിരിച്ചുവരവ് അത്ഭുതമാണ്. ചിത്രങ്ങളും വീഡിയോയും കണ്ടാൽ വീഴ്ചയുടെ ഭീകരാവസ്ഥ മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പോകണമെന്ന് പറഞ്ഞിരിക്കുകയാണ് എം.എൽ.എയെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ 'ഇപ്പോൾ ഡോക്ടർമാർ പറയുന്നതനുസരിക്കൂ, ബാക്കി ഇത് കഴിഞ്ഞിട്ട് നോക്കാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ സ്നേഹോപദേശം.
ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി ഉമയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയോഗത്തിന് കൊൽക്കത്തയിലേക്ക് തിരിക്കും മുമ്പായിരുന്നു ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രിയുടെ സന്ദർശനം. ഉമ തോമസിന്റെ മക്കളായ വിഷ്ണു തോമസും വിവേക് തോമസും ആശുപത്രിയിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |