തിരുവനന്തപുരം: ഗുരുധർമ്മ പ്രചരണസഭയുടെ ആചാര പരിഷ്‌കരണ യാത്ര ഏതെങ്കിലും സമുദായത്തിന് വേണ്ടിയുള്ളതല്ല, സമസ്ത ജനങ്ങളുടേയും പുരോഗതിക്കുള്ളതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ആചാര പരിഷ്‌കരണയാത്ര സത്സംഗത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
. ശുഭ്രവസ്ത്രം ധരിച്ച് ശുചിത്വത്തോടെ വരുന്ന ഏതൊരാൾക്കും ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന തീരുമാനം ദേവസ്വം ബോർഡിൽ നിന്നുണ്ടാവണം. ബോർഡിന്റെ അധികാരസ്ഥാനങ്ങൾ ചില സമുദായങ്ങൾ കുത്തകയാക്കുമ്പോൾ, ബഹുഭൂരിപക്ഷം അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങൾ പിന്തള്ളപ്പെടുന്നു.. ഇതിന് മാറ്റമുണ്ടാക്കി ജനസംഖ്യാനുപാതികമായി ജോലികൾ നൽകണം. ക്ഷേത്രങ്ങളിൽ ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് അധഃസ്ഥിതരുടേതാണ്. ഈ തുക കൊണ്ട് ചില കുത്തക സമുദായങ്ങൾ മാത്രം പുരോഗതി പ്രാപിക്കുകയും സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ച് തുല്യ സാമൂഹ്യനീതിയ്ക്കുള്ള നടപടി ഗവൺമെന്റും ദേവസ്വം ബോർഡും കൈക്കൊള്ളണം.
ചുരിദാർ ധരിച്ചു വരുന്ന സ്ത്രീകളോട് അതിനുമേലെ, പലയാളുകൾ ഉടുത്ത മുഷിഞ്ഞ മുണ്ടു കൂടി ഉടുക്കണമെന്ന് നിഷ്‌കർഷിക്കുന്ന ദുരാചാരം ചില ക്ഷേത്രങ്ങളിലുണ്ട്. ഇത് തീർച്ചയായും പരിഷ്കരിക്കണം. ക്ഷേത്രങ്ങളിൽ കരിയും (ആന) കരിമരുന്നും വേണ്ടെന്ന് ഗുരുദേവൻ പറഞ്ഞതാണ്. അടുത്ത കാലത്ത് കോടതികൾ ഗുരുവിന്റെ നിർദ്ദേശത്തെ അംഗീകരിച്ച് പ്രഖ്യാപനം ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ആഘോഷങ്ങളിൽ ആനയും വെടിക്കെട്ടുമൊഴിവാക്കി വിജ്ഞാനവർദ്ധനവിന് പര്യാപ്തമായ മിതവ്യയത്തോടെ പരിപാടികൾ സംഘടിപ്പിക്കണം. ഗുരുദേവൻ പറഞ്ഞതു പോലെ, ക്ഷേത്രത്തിൽ പിരിഞ്ഞുകിട്ടുന്ന തുക സാമാന്യജനത്തിന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തണം.
വ്യാസനും വസിഷ്‌ഠനും ശങ്കരാചാര്യരുമൊക്കെ എഴുതിയ സ് തോത്രങ്ങൾ ക്ഷേത്രങ്ങളിൽ ആലപിക്കുമ്പോൾ ഇവർക്കൊപ്പമുള്ള ശ്രീനാരായണഗുരു എഴുതിയ ദൈവദശകത്തിന് ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ അയിത്തം നിലനിൽക്കുന്നു. ഭക്തരായ സ്ത്രീകൾ ക്ഷേത്രങ്ങളിൽ ദൈവദശകം ആലപിച്ചപ്പോൾ വലിയ ബഹളങ്ങളുണ്ടായി.. ക്ഷേത്രങ്ങളോട് ചേർന്ന് മതപാഠശാലകൾ സ്ഥാപിച്ച് ഗുരുദേവനടക്കമുള്ള മഹാഗുരുക്കന്മാരെഴുതിയ സദ്‌ഗ്രന്ഥങ്ങൾ പഠിപ്പിക്കണം. ഗുരുധർമ്മ പ്രചരണസഭയുടെ ദൗത്യം കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്കും വ്യാപിപ്പിക്കുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുധർമ്മപ്രചാരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാമി ശങ്കരാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി ദേശികാനന്ദ, സ്വാമി വിശാലാനന്ദ, മാതാ ആര്യനന്ദാദേവി, രജിസ്ട്രാർ കെ.ടി സുകുമാരൻ, ശിശുപാലൻ, ചീഫ് കോ-ഓഡിനേറ്റർ സത്യൻ പന്തത്തല, ജോ.രജിസ്ട്രാർ പുത്തൂർ ശോഭനൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |