''കുറേ ശ്വസിക്കുമ്പോൾ ക്ഷീണംതോന്നും അപ്പോഴൊന്ന് കിടക്കും. മറ്റ് പ്രശ്‌നങ്ങൾക്ക് കുറവുണ്ട്. ആഹാരം കഴിക്കാൻ പറ്റുന്നുണ്ട്...''
കൊച്ചി: 'എത്രയുംവേഗം തിരിച്ചുവരും. മണ്ഡലത്തിലെ കാര്യങ്ങൾ കുറേ ചെയ്തുതീർക്കാനുണ്ട്...' പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ മുറിയിൽനിന്ന് ഫോണിലൂടെ 'കേരളകൗമുദി'യുമായി സംസാരിക്കുമ്പോൾ ഉമ തോമസ് എം.എൽ.എയുടെ ശബ്ദത്തിൽ അതിജീവനത്തിന്റെ കരുത്ത്. 15 മിനിറ്റ് നീണ്ട സംഭാഷണത്തിൽ അപകടത്തെക്കുറിച്ചും മണ്ഡലത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെക്കുറിച്ചടക്കം വ്യക്തമാക്കി. ഡിസംബർ 29ന് കലൂർ സ്‌റ്റേഡിയത്തിലെ നൃത്തസന്ധ്യയ്ക്കിടെ വീണ് പരിക്കേറ്റശേഷം ഉമ തോമസ് ആദ്യമായി കേരളകൗമുദിയോട് സംസാരിക്കുന്നു.
?ആരോഗ്യം എങ്ങനെയുണ്ട്?
വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും കൂടുതൽ ഭേദമാകുന്നത് അറിയാൻ പറ്റുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങളിൽനിന്ന് പൂർണമായും മുക്തമാകാൻ കുറച്ച് സമയമെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്വാസകോശത്തിന്റെ ഒരുവശത്ത് മൂന്നും മറ്റൊരുവശത്ത് ഒരു ചതവുമാണുള്ളത്. വിശ്രമത്തിലൂടെ മാത്രമേ അത് ഭേദമാകൂ. കുറേ ശ്വസിക്കുമ്പോൾ ക്ഷീണംതോന്നും അപ്പോഴൊന്ന് കിടക്കും. മറ്റ് പ്രശ്‌നങ്ങൾക്ക് കുറവുണ്ട്. ആഹാരം കഴിക്കാൻ പറ്റുന്നുണ്ട്.
?അപകടത്തെക്കുറിച്ച് ഓർക്കുന്നുണ്ടോ
വീട്ടിൽനിന്ന് പുറപ്പെട്ടതുപോലും ഓർമ്മയിൽ ഉണ്ടായിരുന്നില്ല. അത്രയും വലിയ വീഴ്ച ആയിരുന്നല്ലോ. പിന്നീട് മക്കൾ വീഡിയോദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് ഓർത്തെടുക്കാൻ പറ്റിയത്. ആദ്യം മടിച്ചെങ്കിലും ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് മക്കൾ ദൃശ്യം കാണിച്ചത്. അപകടത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമെല്ലാം പേഷ്യന്റ് അറിഞ്ഞിരിക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്.
?അപകടദൃശ്യം കണ്ടതിനെക്കുറിച്ച്
വീഴുന്നതിനേക്കാൾ ചോരയൊക്കെയായി എന്നെ എടുത്തുകൊണ്ട് പോകുന്ന ഭാഗമാണ് ഭയപ്പെടുത്തിയത്. എങ്ങനെ രക്ഷപെടും എന്നുള്ള സംശയമായിരുന്നു രണ്ടുമൂന്നുദിവസം. എനിക്കെന്തെങ്കിലും ഗുരുതര പ്രശ്‌നങ്ങൾ ഇല്ലാതിരിക്കുമോ,കണ്ടുപിടിക്കാത്തതാണോ എന്നൊക്കെയുള്ള ടെൻഷനായിരുന്നു ആ സമയത്ത്.
?ആരാണ് നൃത്തപരിപാടിക്ക് ക്ഷണിച്ചത്
നടൻ സിജോയ് വർഗീസാണ് വീട്ടിലെത്തി ക്ഷണിച്ചത്. സിജോയേയും കഴിഞ്ഞദിവസം വിളിച്ചു. അന്നുമുതൽ പ്രാർത്ഥിക്കുന്നുവെന്നാണ് സിജോയ് പറഞ്ഞത്.
?മണ്ഡലത്തിലെ പ്രവർത്തനങ്ങൾ എങ്ങനെ ഏകോപിപ്പിക്കുന്നു
നിർബന്ധമായും ഒരുമാസം വിശ്രമം വേണമെന്നാണ് നിർദ്ദേശം. ഓഫീസ് വഴിയും സെക്രട്ടറി വഴിയും മണ്ഡലത്തിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും അതിന്റെയെല്ലാം സ്റ്റാറ്റസും അപ്‌ഡേറ്റുകളും കിട്ടുന്നുണ്ട്. ഇന്നലെ വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ടു. കുടിവെള്ളപ്രശ്‌നത്തിനാണ് മുൻഗണന. പാതിവഴിയിലെത്തിയ ജോലികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്. പാർട്ടി മണ്ഡലം,ബ്ലോക്ക് പ്രസിഡന്റുമാർ ഉഷാറായി ഒപ്പമുണ്ട്.
?സർക്കാരിന്റെ പിന്തുണയെക്കുറിച്ച്
അപകടമുണ്ടായ അന്നുമുതൽ സർക്കാരിന്റെ പിന്തുണയുണ്ട് എന്നതിൽ ഏറെ സന്തോഷം. ആപത്ത് വന്നപ്പോൾ എല്ലാവരും കൂടെനിൽക്കുന്നു എന്നത് ആശ്വാസമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കുറേനേരം സംസാരിച്ചു. മന്ത്രിമാരായ വീണാ ജോർജ്,കടന്നപ്പള്ളി രാമചന്ദ്രൻ,ആർ.ബിന്ദു തുടങ്ങിയവർ ഏറെ ആശ്വസിപ്പിച്ചു.
?പാർട്ടിയുടെ പിന്തുണ
പറഞ്ഞറിയിക്കാൻ കഴിയാത്തത്ര നന്ദി പാർട്ടിയോടുണ്ട്. എ.ഐ.സി.സി നേതാക്കൾ ഉൾപ്പടെ വിളിക്കുന്നുണ്ട്. അജയ് മാക്കൻ,രമേശ് ചെന്നിത്തല,കെ.സി.വേണുഗോപാൽ,കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,എം.പിമാർ,എം.എൽ.എമാർ എല്ലാവരും നിരന്തരം ബന്ധപ്പെടുന്നു. മക്കൾക്കും അതൊരു ആശ്വാസമാണ്.
?ചികിത്സ സംബന്ധിച്ച്
ഡോക്ടർമാരും നഴ്‌സുമാരും പൊന്നുപോലെ നോക്കുന്നു. എനിക്ക് ഇങ്ങനെ ഉറ്റവരെ നോക്കാൻ സാധിക്കുമോ എന്നുപോലും സംശയമാണ്. മികച്ച പരിചരണമാണ് ലഭിക്കുന്നത്. ഞാൻ തിരിച്ചുവരണമെന്ന് എന്നേക്കാൾ കൂടുതൽ ആഗ്രഹിച്ചത് ഇവരാണെന്ന് തോന്നിപ്പോകും. റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ.കൃഷ്ണനുണ്ണി പോളക്കുളത്തിന്റെ ശ്രദ്ധയും പരിചരണവും നിർദ്ദേശങ്ങളും എടുത്തുപറയേണ്ടതാണ്. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാമെന്നാണ് പ്രതീക്ഷ. സാധാരണ നിലയിലേക്ക് പൂർണമായും എത്തുക എന്നുള്ളതാണ് പ്രധാനം. വിവരങ്ങളെല്ലാം അറിയുന്നുണ്ട്. വാർത്തകൾ കേൾക്കുന്നുണ്ട്. മക്കളായ വിഷ്ണു തോമസും വിവേക് തോമസും എപ്പോഴും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |