ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം യാത്രാ ഇളവ് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി അരവിന്ദ് കേജ്രിവാള്‍. 'വിദ്യാര്‍ഥികളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുന്നതിനായി, ഡല്‍ഹി മെട്രോയിലെ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കണം' എന്നതാണ് കത്തിലെ ആവശ്യം
ഡല്‍ഹി മെട്രോയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും പങ്കാളിത്തമുണ്ട്, അതിനാല്‍ തന്നെ ചെലവുകള്‍ ഇരുകൂട്ടരും ചേര്‍ന്ന് വഹിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'എഎപി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നും കത്തില്‍ കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഒരു സംയുക്ത പദ്ധതിയാണ് ഡല്‍ഹി മെട്രോ. അതിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ട് സര്‍ക്കാരുകള്‍ക്കും അവകാശമുണ്ട്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കുമ്പോള്‍ അതിനുള്ള ചെലവ് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തുല്യമായി വഹിക്കണമെന്ന നിര്‍ദേശവും കത്തിലുണ്ട്.
ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും യാത്ര ചെയ്യാന്‍ മെട്രോയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ അവരുടെ മേലുള്ള സാമ്പത്തിക ബാദ്ധ്യത കുറയ്ക്കണമെന്ന് കേജ്രിവാള്‍ വ്യക്തമാക്കി.
ഫെബ്രുവരി 5ന് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെജ്രിവാള്‍ മോദിക്ക് കത്തെഴുതുന്നത്. ഭരണകക്ഷിയായ എഎപി ഇതിനകം 70 നിയമസഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി 59 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |