15 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും
മംഗളൂരു: പട്ടാപ്പകൽ സുരക്ഷാ ജീവനക്കാരെ വെടിവച്ചുകൊന്ന് എ.ടി.എമ്മിൽ നിറയ്ക്കാനെത്തിയ പണം മോഷ്ടിച്ചതിനുപിന്നാലെ കർണാടകയിൽ വീണ്ടും വൻ ബാങ്ക് കവർച്ച. 5 കോടിയോളം രൂപയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് കവർന്നത്.
മംഗളൂരു കൊട്ടേക്കർ സഹകരണ ബാങ്കിലാണ് ആറംഗ സംഘം കവർച്ച നടത്തിയത്. അഞ്ച് പേർ ജീവനക്കാരെ തൂക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുകയായിരുന്നു. ആറാമൻ പുറത്ത് കാറിൽ കാത്തുകിടന്നു. ആഭരണവും പണവും അഞ്ച് ചാക്കുകളിൽ നിറച്ചാണ് ഇവർ രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 11.30നും 12.30നുമിടയിലായിരുന്നു സംഭവം. കറുത്ത ഫിയറ്റ് കാറിലാണ് കവർച്ചക്കാർ എത്തിയത്. മുഖംമൂടി ധരിച്ചിരുന്ന സംഘത്തിന്റെ പക്കൽ പിസ്റ്റൾ, വാൾ, കത്തി തുടങ്ങിയവയുണ്ടായിരുന്നു. അഞ്ചോ ആറോ ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. ഹിന്ദിയിലാണ് സംസാരിച്ചത്.അന്വേഷണം ഊർജ്ജിതമാക്കിയതായും സംഘം തിരിഞ്ഞ് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കുറ്റവാളികളെ വേഗം പിടികൂടാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ബിദറിൽ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷം രൂപയാണ് ബൈക്കിലെത്തിയ അക്രമികൾ കവർന്നത്.
സി.സി ടിവി കേടായത് അറിഞ്ഞു?
സിദ്ധരാമയ്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരുക്കിയിരുന്ന സുരക്ഷ വെട്ടിച്ചാണ് സംഘം എത്തിയത്.
ബാങ്കിലെ സി.സി ടിവി ക്യാമറകൾ കേടായതിനാൽ നന്നാക്കാൻ ടെക്നീഷ്യൻ ബാങ്കിലെത്തിയിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കേയാണ് കവർച്ച നടത്തിയത്. ബാങ്കിലെ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം എത്തിയതെന്നാണ് നിഗമനം. ക്യാമറ നന്നാക്കാൻ ഏർപ്പെടുത്തിയ ഏജൻസിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ക്യാമറ ടെക്നീഷ്യന്റെ ആഭരണവും സംഘം അപഹരിച്ചതായാണ് റിപ്പോർട്ട്.
കന്നടയും
ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴെ നിലയിലുള്ള ബേക്കറിയിലുണ്ടായിരുന്ന കുട്ടികളോട് മാറിപ്പോകണമെന്ന്
കവർച്ചാസംഘം ആവശ്യപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സംഘം പരസ്പരം കന്നടയിലും ബാങ്കിലുള്ളവരോട് ഹിന്ദിയിലുമാണ് സംസാരിച്ചത്. ഇവർ വന്ന കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. മറ്റൊരു സ്ഥാപനത്തിലെ
സി. സി ടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. അഞ്ചുവർഷം മുമ്പും ഇതേ ബാങ്കിൽ കവർച്ച നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |