ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിവർഷം വിൽക്കുന്ന കാറുകളുടെ എണ്ണം പല രാജ്യങ്ങളിലെയും ജനസംഖ്യയെ മറികടക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷത്തിൽ ഏകദേശം 2.5 കോടി കാറുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്. എല്ലാ നിക്ഷേപകർക്കും ഇന്ത്യ ഒരു മികച്ച ലക്ഷ്യസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിലാഷങ്ങളാലും യുവാക്കളുടെ ഊർജ്ജത്താലും നയിക്കപ്പെടുന്ന ഇന്ത്യയുടെ ഓട്ടോ മൊബൈൽ മേഖല അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം 12 ശതമാനം വളർച്ച കൈവരിച്ചു.
വിൽപനയിലെ വർദ്ധന വളരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നു. ഭാവിയിലെ ഗതാഗതത്തിൽ ലോകം ഇന്ത്യയിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നു. ഇന്ത്യ നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും മൂന്നാമത്തെ വലിയ യാത്രാ വാഹന വിപണിയുമാണ്. രാജ്യത്തെ വലിയ യുവജനസംഖ്യ, വളരുന്ന മദ്ധ്യവർഗം, ദ്രുതഗതിയിലുള്ള നഗരവത്കരണം, ആധുനിക അടിസ്ഥാന സൗകര്യ വികസനം, മേക്ക് ഇൻ ഇന്ത്യ സംരംഭത്തിലൂടെ വാഹനങ്ങൾക്ക് താങ്ങാവുന്ന വില തുടങ്ങിയവയാണ് ഓട്ടോമൊബൈൽ മേഖലയ്‌ക്ക് പ്രോത്സാഹനമാകുന്നത്. ആദ്യമായി വാഹനങ്ങൾ വാങ്ങുന്ന നവ മദ്ധ്യവർഗവും രൂപപ്പെട്ടു. അവർ വാഹനങ്ങൾ നവീകരിക്കുമ്പോൾ ഓട്ടോ മേഖലയ്ക്ക് ഗുണം ചെയ്യും 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്'(ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക) എന്നരീതിയിൽ കയറ്റുമതിയും വർദ്ധിക്കുന്നു.
നല്ലതും വീതിയുള്ളതുമായ റോഡുകളുടെ അഭാവം ഒരുകാലത്ത് ഇന്ത്യയിൽ കാറുകൾ വാങ്ങാതിരിക്കാൻ കാരണമായിരുന്നു. ഇന്ന് ബഹുവരി പാതകളും എക്‌സ്‌പ്രസ് വേകളും നിർമ്മിക്കുന്നത് സാഹചര്യം മാറ്റി. വാഹനങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണിത്. ഒപ്പം ഫാസ്‌റ്റ്ടാഗ് പോലുള്ള പുതിയ സാങ്കേതികവിദ്യയും സംയോജിപ്പിക്കപ്പെടുന്നു. കണക്റ്റഡ് വാഹനങ്ങളും ഓട്ടോണമസ് ഡ്രൈവിംഗും വഴി ഇന്ത്യ ഇപ്പോൾ സ്മാർട്ട് മൊബിലിറ്റിയിലേക്ക് നീങ്ങുന്നു.
ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിയെയും പിന്തുണയ്ക്കുന്ന പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഇന്ധനം, ജൈവ ഇന്ധനങ്ങൾ എന്നിവയുടെ വികസനത്തിൽ സർക്കാർ ശ്രദ്ധിക്കുന്നുവെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |