വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് ആളെ ചേർത്തെന്ന കേസിൽ മൂന്ന് പേരെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തയ്യൂർ പാടത്ത് വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്ത്, എമിഗ്രേഷൻ നിയമ ലംഘനം എന്നിവയ്ക്കാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ വടക്കാഞ്ചേരി സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്തിരുന്നു. റഷ്യയിൽ ചികിത്സയിലുള്ള ജെയിനിന്റെ പിതാവ് കുരിയൻ, റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്സി എന്നിവരുടെ മൊഴിയും പൊലീസെടുത്തിരുന്നു. പിടിയിലായവരിൽ സന്ദീപ്, സുമേഷ് ആന്റണി എന്നിവർക്ക് റഷ്യൻ പൗരത്വമാണ്. പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി.
ബിനിൽ യുദ്ധമുഖത്ത് യുക്രെയിൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബന്ധുവായ ജയിൻ ഗുരുതര പരിക്കോടെ മോസ്കോയിൽ ആശുപത്രിയിലാണ്. പോളണ്ടിൽ ഇലക്ട്രീഷ്യന്റെ ജോലി ശരിയാക്കിത്തരാമെന്നേറ്റ് അകന്ന ബന്ധു കൂടിയായ സിബി 1.4 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് ജോലി ശരിയായില്ലെന്നും പകരം മറ്റൊരു ജോലി റഷ്യയിൽ ശരിയാക്കാമെന്നും അറിയിച്ചു. വിമാനടിക്കറ്റിനായി 4.2 ലക്ഷം രൂപ സുമേഷ് ആന്റണി വാങ്ങിയതായും പരാതിയുണ്ട്.
കസ്റ്റഡിയിലുള്ള സന്ദീപും തയ്യൂർ സിബിയും റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരാനായി റഷ്യൻ പാസ്പോർട്ട് സ്വീകരിക്കുകയും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയുമായിരുന്നു. റഷ്യൻ ആർമിയിലെ വാഗ്നർ ഗ്രൂപ്പിൽ പ്രവർത്തിച്ച് ഒരു വർഷം പൂർത്തിയായ ശേഷം ഇവർ വിസിറ്റിംഗ് വിസയെടുത്താണ് നാട്ടിലെത്തിയത്. എന്നാൽ കേസിൽ കുറ്റക്കാരാണെന്ന് വ്യക്തമായാൽ കേരള പൊലീസിന് അറസ്റ്റിന് തടസമുണ്ടാകില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |