ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി നേതാവും ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ കാറിനുനേരെ കല്ലേറ്. ബി.ജെ.പി പ്രവർത്തകർ കാർ ആക്രമിച്ചെന്ന് ആം ആദ്‌മി പാർട്ടി ആരോപിച്ചു. എന്നാൽ തങ്ങളുടെ പ്രവർത്തകനെ കേജ്‌രിവാളിന്റെ വാഹനം ഇടിച്ചുകൊല്ലാൻ ശ്രമിച്ചെന്നാണ് ബി.ജെ.പി വാദം.
ന്യൂഡൽഹി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കേജ്‌രിവാളിന്റെ കാറിന് നേരെ കല്ലേറുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കേജ്‌രിവാൾ സഞ്ചരിച്ച കറുത്ത എസ്.യു.വിക്കു മുകളിൽ കല്ലു പതിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ചിലർ കാറ് തടയുന്നതും കാണാം.
കേജ്‌രിവാളിന്റെ എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥി പർവേഷ് വർമ്മ, പ്രചാരണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി അനുയായികളെക്കൊണ്ട് ആക്രമണം നടത്തിയതാണെന്ന് ആം ആദ്‌മി പാർട്ടി ആരോപിച്ചു. കല്ലെറിഞ്ഞ് പ്രചാരണം മുടക്കുകയായിരുന്നു ലക്ഷ്യം. ഭീരുത്വം നിറഞ്ഞ നടപടിയിൽ പേടിച്ച് പിന്നോട്ട് പോകില്ല. ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് ഉചിതമായ മറുപടി നൽകുമെന്നും പാർട്ടി പറഞ്ഞു. അരവിന്ദ് കേജ്‌രിവാളിനെതിരെ പോരാടാൻ ധൈര്യമില്ലാതെ ഗുണ്ടകളെ വിട്ട വിലകുറഞ്ഞ രാഷ‌്‌ട്രീയമാണ് ബി.ജെ.പിയുടേതെന്ന് പാർട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.
പ്രവർത്തകനെ കൊല്ലാൻ
ശ്രമമെന്ന് ബി.ജെ.പി
അതേസമയം കേജ്‌രിവാളിന്റെ നിർദ്ദേശപ്രകാരം ഒരു ബി.ജെ.പി പ്രവർത്തകനെ കാർ ഇടിച്ചുവീഴ്‌ത്തിയെന്ന് പർവേഷ് വർമ്മ ആരോപിച്ചു. കേജ്‌രിവാളിനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു. ഖാലിസ്ഥാൻ ഭീഷണിയുണ്ടെന്ന വിലയിരുത്തലിൽ കേജ്‌രിവാളിന് സുരക്ഷ കൂട്ടിയതിന് പിന്നാലെയാണ് ഇന്നലത്തെ ആക്രമണം. കേജ്‌രിവാളിന് 63 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇസഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്. കഴിഞ്ഞ നവംബറിൽ പദയാത്രയ്‌ക്കിടെ ഒരാൾ കേജ്‌രിവാളിന് മേൽ ദ്രാവകം എറിഞ്ഞിരുന്നു. മുൻപും കേജ്‌രിവാളിന് നേരെ സമാനമായ അക്രമണം നടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |