ഇസ്ലാമബാദ്: ഇമ്രാൻ ഹാഷ്മി നായകനാകുന്ന പുതിയ നെറ്റ്ഫ്ലിക്സ് സീരീസിന്റെ ട്രെയിലർ ഷെയർ ചെയ്ത ബോളിവുഡ് നടൻ ഷാരൂഖ് ഖാന് രാജ്യാതിർത്തിക്ക് അപ്പുറത്ത് നിന്നും വിമർശനം. പാക് സൈനിക വക്താവ് ആസിഫ് ഗഫൂറും, പാകിസ്ഥാൻ നടി മെഹ്‌വിഷ് ഹയാത്തുമാണ് ഷാരൂഖിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക് തീവ്രവാദം പ്രമേയമാക്കുന്ന ' ബാർഡ് ഒഫ് ബ്ലഡ്' എന്ന ഓൺലൈൻ സീരീസ് പാകിസ്ഥാൻ വിരുദ്ധമാണെന്നാണ് ഇരുവരുടെയും ആരോപണം. ഷാരൂഖിനെ 'ബോളിവുഡ് സിൻഡ്രോം' ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം സത്യാവസ്ഥ അറിയാൻ കൂട്ടാക്കുന്നില്ലെന്നും ഇരുവരും ട്വിറ്റർ വഴി അറിയിച്ചു.
The trailer of our first @netflix series #BardOfBlood is here. A thrilling tale of espionage, vengeance, love and duty. Hope u enjoy it...@NetflixIndia @RedChilliesEnt @emraanhashmi @_GauravVerma @BilalS158 @ribhudasgupta pic.twitter.com/aftLjq3BA1
— Shah Rukh Khan (@iamsrk) August 22, 2019
'ഞാൻ ഏറെക്കാലമായി പറയുന്ന കാര്യം ശരിയാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിട്ടുണ്ടാവും. ഈ ആഴ്ച്ച അടുത്ത പാക് വിരുദ്ധ പ്രൊജക്ടുമായി അവർ എത്തിയിരിക്കുകയാണ്. ഉണർന്ന് നോക്കി ബോളിവുഡിന്റെ യഥാർത്ഥ അജണ്ട എന്തെന്ന് മനസിലാക്കൂ. ഷാറൂഖ്, നിങ്ങൾ രാജ്യസ്‌നേഹി ആയിക്കൊള്ളൂ. പക്ഷെ അതിന് ഞങ്ങളെ എന്തിനാണ് വില്ലന്മാരാക്കുന്നത്?' ഷാരൂഖിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് അദ്ദേഹത്തെ ടാഗ് ചെയ്തുകൊണ്ട് മെഹ്‌വിഷ് ഹയാത്ത് പറഞ്ഞു.
ഷാരൂഖാൻ ബോളിവുഡ് സിൻഡ്രോമിന് അകത്ത് തന്നെ നിന്നോട്ടെ എന്നും സത്യാവസ്ഥ മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ 'റോ ചാരൻ' കുൽഭൂഷൺ ജാദവിനെ കുറിച്ചും വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെക്കുറിച്ചും മനസിലാക്കണമെന്നാണ് ആസിഫ് ഗഫൂർ പറഞ്ഞത്. സമാധാനവും മനുഷ്യത്വവും പ്രചരിപ്പിക്കാൻ 'ഇന്ത്യ കൈയേറിയ' ജമ്മു കാശ്മീരിൽ നടക്കുന്ന ക്രൂരതകളെ കുറിച്ചും, 'നാസിസം' തലയ്ക്ക് പിടിച്ച ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയെ കുറിച്ചുമാണ് സംസാരിക്കേണ്ടതെന്നും ഗഫൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |