നാസി ജർമനിയുടെ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബ്രിട്ടീഷ് വിരുദ്ധവാദിയായ യൂണിറ്റി മിറ്റ്‌ഫോർഡ് എന്ന വനിതയുടെ ഡയറിക്കുറിപ്പുകൾ കണ്ടെടുത്തിരിക്കുകയാണ്. എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള പുസ്‌തകമാണ് ലഭിച്ചത്.
രണ്ടാം ലോക മഹായുദ്ധകാലം വരെയുള്ള വർഷങ്ങളിൽ ഹിറ്റ്‌ലറുമായുള്ള യൂണിറ്റിയുടെ കൂടിക്കാഴ്ചകളുടെയും സംഭാഷണങ്ങളുടെയും വിശദാംശങ്ങളാണ് ഡയറിക്കുറിപ്പുകളിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ഹിറ്റ്‌ലറെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും കുറിച്ചുള്ള ഭയാനകവും ഏറെ സ്വകാര്യവുമായ കുറിപ്പുകൾ അവയിൽ അടങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.
ഹിറ്റ്‌ലറോട് ആകർഷണം തോന്നിയ യൂണിറ്റി 20ാമത്തെ വയസിൽ മ്യൂണിച്ചിലേയ്ക്ക് താമസം മാറിയതിനുശേഷം ഹിറ്റ്‌ലറെ പിന്തുടരുമായിരുന്നുവെന്ന് ഡയറിയിൽ പറയുന്നു. 1935നും 1939നും ഇടയിൽ ഹിറ്റ്‌ലറുമായി നടത്തിയ 139 കൂടിക്കാഴ്‌ച്ചകളെക്കുറിച്ചും സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറിയിൽ യൂണിറ്റി വ്യക്തമാക്കുന്നു.
നാസി ആരാധികയായ യൂണിറ്റി ഹിറ്റ്‌ലറെ ദൈവത്തെപ്പോലെയാണ് കണ്ടിരുന്നത്. ഓസ്റ്റേറിയ ബവേറിയ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി ഹിറ്റ്‌ലർ തന്നെ ക്ഷണിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമെന്ന് യൂണിറ്റി 1935 ഫെബ്രുവരിയിൽ കുറിച്ചിട്ടുണ്ട്.
'ലഞ്ച് ഓസ്റ്റേറിയ 2.30. ഞാൻ ആഹാരം കഴിച്ചുകഴിഞ്ഞ് 3.15നാണ് ഫറെർ (നേതാവ്) വന്നത്. പത്തുമിനിട്ടിനുശേഷം തന്നോട് അദ്ദേഹത്തിന്റെ മേശക്കരികിൽ എത്താൻ റെസ്റ്റോറന്റ് ഉടമ വഴി ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തിന്റെ അരികിൽ ചെന്നിരിക്കുകയും നമ്മൾ സംസാരിക്കുകയും അദ്ദേഹം ആഹാരം കഴിക്കുകയും ചെയ്തു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം. അദ്ദേഹം ഒരു പോസ്റ്റ് കാർഡിൽ എനിക്കായി എഴുതി. ഇത്തരത്തിൽ മറ്റൊരാളെയും അദ്ദേഹം ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം പോയി കഴിഞ്ഞപ്പോൾ റോസ (പരിചാരിക) എന്നോട് പറഞ്ഞു'- എന്നാണ് യൂണിറ്റി ഡയറിയിൽ കുറിച്ചത്.
ഹിറ്റ്‌ലറുടെ അടുത്ത വൃത്തങ്ങളിലെ അംഗമായിരുന്നു യൂണിറ്റി. ഹിറ്റ്‌ലറെ മറ്റൊരു ബ്രിട്ടീഷ് പൗരനും ഇത്രമേൽ അറിഞ്ഞിരുന്നില്ല. ഇക്കാരണങ്ങളാൽ തന്നെ ഹിറ്റ്‌ലറുടെ കാമുകിയായ ഇവ ബ്രൗൺ ഇരുവരുടെയും ബന്ധം ഇഷ്ടപ്പെട്ടിരുന്നില്ല. ഹിറ്റ്‌ലറെ വളരെ നല്ലവനായ മനുഷ്യനും, സ്വവർഗാനുരാഗിയെന്നും യൂണിറ്റി വിശേഷിപ്പിച്ചിട്ടുണ്ട്.
സെപ്‌തംബർ ഒന്ന് 1939നാണ് യൂണിറ്റി അവസാനമായി ഡയറിയെഴുതിയത്. ജർമനി പോളണ്ടിനെ ആക്രമിച്ച ദിവസമായിരുന്നു അത്. രണ്ടുദിവസത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ മാതൃരാജ്യവും പ്രിയപ്പെട്ട ഹിറ്റ്‌ലറുടെ രാജ്യവും തമ്മിൽ യുദ്ധത്തിലേർപ്പെടുന്നതിൽ മനംനൊന്ത 25കാരിയായ യൂണിറ്റി തലയ്ക്ക് വെടിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ അവർ മരണപ്പെട്ടില്ല. മാത്രമല്ല, ബുള്ളറ്റ് തലയോട്ടിയിൽ കുടുങ്ങുകയും ചെയ്തു. പിന്നീട് ബ്രിട്ടനിൽ തിരികെയെത്തിയ അവർ 1948ൽ 33ാമത്തെ വയസിലാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |