
ലണ്ടൻ: ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് നേരിട്ട ദയനീയ പ്രകടനം വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നത്. ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ടതോടെ ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ പുറത്താക്കണമെന്ന ആവശ്യത്തിനാണ് കരുത്ത് കൂടുന്നത്. ഈ സാഹചര്യത്തിലാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രിയെ ഇംഗ്ലണ്ടിന്റെ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയൻ മണ്ണിൽ എങ്ങനെ ജയിക്കണമെന്ന് ശാസ്ത്രിക്ക് നന്നായി അറിയാമെന്നാണ് പനേസർ ചൂണ്ടിക്കാട്ടുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പനേസർ തന്റെ അഭിപ്രായം പങ്കുവച്ചത്. ഓസ്‌ട്രേലിയൻ മണ്ണിൽ തുടർച്ചയായി രണ്ട് ടെസ്റ്റ് പരമ്പരകൾ (2018-19, 2020-21) വിജയിച്ച ഏക ഇന്ത്യൻ പരിശീലകനാണ് ശാസ്ത്രി. സൂപ്പർ താരങ്ങൾ പരിക്കേറ്റ് പുറത്തായിട്ടും സിറാജിനെയും രഹാനെയെയും കളത്തിലിറക്കി ശാസ്ത്രി നേടിയ വിജയം സമാനതകളില്ലാത്തതാണ്.

ഇതുവരെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് പരിശീലകരെയാണ് ഇംഗ്ലണ്ട് ആശ്രയിച്ചിട്ടുള്ളത്. ഒരു ഇന്ത്യൻ പരിശീലകൻ വരുന്നതോടെ ഇംഗ്ലീഷ് ടീമിന്റെ ചിന്താഗതിയിലും സെലക്ഷൻ രീതിയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പനേസർ പറയുന്നു. 2027ൽ ഇംഗ്ലണ്ടിൽ നടക്കുന്ന അടുത്ത ആഷസ് പരമ്പര തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രിക്ക് രണ്ട് വർഷത്തെ കരാർ നൽകണമെന്നാണ് പനേസറുടെ നിർദ്ദേശം. ഓസ്‌ട്രേലിയയെ മുട്ടുമടക്കിക്കാൻ കൃത്യമായ പ്ലാനുകളുള്ള രവി ശാസ്ത്രിയെപ്പോലൊരു തന്ത്രജ്ഞൻ വരുന്നതോടെ ഇംഗ്ലണ്ട് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിയുമെന്നും പനേസർ പ്രത്യാശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |