തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ അക്ഷയ കേന്ദ്രങ്ങൾ വരുമാനമില്ലാതെ അടച്ചിടേണ്ട സ്ഥിതിയിൽ. ഏഴ് വർഷമായി സേവന നിരക്കിൽ മാറ്റമില്ലാതെ വന്നതോടെ അക്ഷയകേന്ദ്രം ഉടമകൾ സമരത്തിനൊരുങ്ങുന്നു. സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം വാങ്ങി കൃത്യമായി പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.
2018 ലാണ് അക്ഷയ കേന്ദ്രങ്ങൾക്ക് സേവന നിരക്ക് നടപ്പാക്കിയത്. രണ്ടു വർഷത്തിലൊരിക്കൽ ഫീസ് പുതുക്കിനിശ്‌ചയിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് കൂട്ടിയിട്ടില്ല. നിരക്ക് തീരുമാനിച്ചപ്പോൾ ഒരു പായ്ക്കറ്റ് പേപ്പറിന് 160 രൂപ ആയിരുന്നത് ഇപ്പോൾ 300 വരെയായി. വൈദ്യുതി, ഇന്റർനെറ്റ് ചാർജ്,കെട്ടിട വാടക, ജീവനക്കാരുടെ വേതനം, പ്രിന്ററിനുള്ള മഷി എന്നിവയിലുൾപ്പെടെ വലിയ വർദ്ധനയുണ്ടായി.
പൊലീസ്, മോട്ടോർ വാഹന രജിസ്‌ട്രേഷൻ ഉൾപ്പെടെ മിക്ക വകുപ്പുകളിലെയും സേവന നിരക്കുകൾ സർക്കാർ കൂട്ടിയിട്ടും അക്ഷയയിലെ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടില്ല. തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാനോ പരിഹരിക്കാനോ സർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സംരംഭകരുടെ കൂട്ടായ്മയായ ഫേസ് ( ഫോറം ഒഫ് അക്ഷയ സെന്റർ ഓൺട്രപ്രണേഴ്‌സ്) ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞത് 3 ജീവനക്കാർ
ഐ.ടി മിഷന്റെ കീഴിൽ 2002ലാണ് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ചത്. ചുരുങ്ങിയത് 300 ചതുരശ്ര അടിയുള്ള മുറിയും മൂന്ന് കമ്പ്യൂട്ടറും 3 ജീവനക്കാരും വേണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, 1000 ചതുരശ്ര അടിയുള്ള കെട്ടിടവും 10 കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും 10 ജീവനക്കാർവരെയുള്ളതുമായ സെന്ററുകളുമുണ്ട്. അതിനാൽ ഓരോ സെന്ററിന്റെയും ചെലവിൽ അന്തരമുണ്ട്.
നിലവിലെ സേവന നിരക്കുകൾ
അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന 36 തരം സേവനങ്ങൾക്ക് സംസ്ഥാന ഐ.ടി മിഷൻ പ്രഖ്യാപിച്ച നിരക്കുകൾ.
ഇ ഡിസ്ട്രിക്ട് സേവനങ്ങൾ (ജനറൽ വിഭാഗം) - 25 രൂപ
തിരിച്ചറിയൽ കാർഡ് അപേക്ഷ - 40 രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷ- -20 രൂപ
വിവാഹ രജിസ്‌ട്രേഷൻ -70 രൂപ
ലൈഫ് സർട്ടിഫിക്കറ്റ് - 30 രൂപ.
പാൻകാർഡ്- 80 രൂപ
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ -2700
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |