തിരുവനന്തപുരം: കേരളം കാത്തിരുന്ന വിധിയാണ് ഷാരോൺ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയ‌്ക്ക് കോടതി വിധിച്ചിത്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന് വിശേഷിപ്പിച്ച കോടതി വധശിക്ഷയാണ് ഗ്രീഷ്‌മയക്ക് നൽകിയിരിക്കുന്നത്. അതിസമർത്ഥമായി കേസന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോയതെന്നും, ശാസ്ത്രീയ തെളിവുകൾ നന്നായി ഉപയോഗിച്ചുവെന്നും കോടതി പ്രശംസിച്ചു. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ ഷാരോണിന് വിഷം കൊടുത്തു എന്നതും, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി പ്രതി അവലംബിച്ച അതേമാർഗം തന്നെയാണ് അത് തെളിയിക്കാനും കേരള പൊലീസ് സ്വീകരിച്ചത്. വിവര സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഗ്രീഷ്‌മ ഉപയോഗിച്ചിരുന്നുവെന്ന് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഉദ്യോഗസ്ഥർക്ക് മനസിലായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള പ്രതി ഗൂഗിളിന്റെയും മറ്റ് സെർച്ച് എഞ്ചിനുകളുടെയും സഹായത്തോടെ കുറ്റം നടപ്പാക്കാനും, അതിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകൾ തേടാനുള്ള മാർഗം അന്വേഷിക്കുകയും ചെയ‌്തു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പൊലീസ് അന്വേഷണം.
ഗ്രീഷ്‌മയുടെയും ഷാരോണിന്റെയും എല്ലാ ചാറ്റുകളും അന്വേഷണത്തിൽ വീണ്ടെടുത്തു. സ്ളോ പോയിസൺ കൊടുത്ത് കഴിഞ്ഞാൽ മനുഷ്യ ശരീരത്തിൽ എന്ത് സംഭവിക്കുമെന്ന് ഗ്രീഷ്‌മ റിസർച്ച് നടത്തിയതും, അതിന് ഏതൊക്കെ വിഷം ഉപയോഗിക്കാം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞതും, സെർച്ച് ചെയ‌്ത ഗൂഗിൾ ഹിസ്‌റ്റി ഡിലീറ്റ് ചെയ‌്തതും തുടങ്ങിയതിന്റെയെല്ലാം തെളിവുകൾ പൊലീസ് വീണ്ടെടുത്തു.
പിന്നീട് പ്രതിയുടെ വീട്ടിൽ ഷാരോൺ പോയിരുന്നു എന്നുള്ള തെളിവുകൾ ഓരോന്നായി കണ്ടെത്തി. കോടതിയിലെ വാദത്തിനിടയിൽ ഷാരോൺ തന്റെ വീട്ടിലേക്ക് വന്നിട്ടില്ല എന്ന് ഗ്രീഷ്‌മ ഉന്നയിക്കുകയാണെങ്കിൽ അത് പൊളിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. എല്ലാ തെളിവുകളും ശാസ്ത്രീയമായി തന്നെ ശേഖരിച്ചു.
ഇതെല്ലാം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പ്രായം കുറവാണെന്നതും വധശിക്ഷ വിധിക്കുന്നതിന് തടസമല്ലെന്ന് വ്യക്തമാക്കിയ കോടതി, ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാക്കി. വെള്ളമിറക്കാൻ പോലും വയ്യാതെ 11 ദിവസം ആശുപത്രിയിൽ കിടന്നപ്പോഴും ഷാരോൺ ഒരിക്കൽ പോലും ഗ്രീഷ്മയെ കൈവിട്ടില്ല. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത്. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. തെളിവുകൾ ഒപ്പമുണ്ടെന്ന് പ്രതി അറിഞ്ഞില്ലെന്നും ജ്യൂസ് ചലഞ്ച് വധശ്രമമായിരുന്നുവെന്നും തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹം ഉറപ്പിച്ച ശേഷവും ഗ്രീഷ്മയ്ക്ക് മറ്റുബന്ധങ്ങൾ ഉണ്ടായിരുന്നു. ഷാരോണുമായി ലൈംഗികബന്ധം നടത്തിയെന്ന് തെളിഞ്ഞുവെന്നും വിധിന്യായത്തിൽ പറയുന്നു. ബന്ധം അവസാനിപ്പിക്കാൻ വിഷം കൊടുത്ത് കൊന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം കണക്കിലാക്കാൻകഴിയില്ല. കുറ്റം മറയ്ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം ഫലിച്ചില്ല. കേസന്വേഷണത്തെ വഴി തെറ്റിക്കാനാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |