കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തിൽ സമരം 100 ദിനം പിന്നിടവേ കമ്മിഷനു മുന്നിൽ പുതിയ പരാതി. മുനമ്പത്തെ പാട്ടഭൂമി 1950ൽ ചട്ടങ്ങൾ ലംഘിച്ച് വഖഫ് ആധാരമായി രജിസ്റ്റർ ചെയ്തതും പിന്നീട് ഫറൂഖ് കോളേജ് ഈ ഭൂമി വില്പന നടത്തിയതും റദ്ദാക്കുക, വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുക എന്നീ ആവശ്യങ്ങളാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മിഷന് മുമ്പാകെയെത്തിയത്.
കൊച്ചി താലൂക്കിൽപ്പെട്ട പള്ളിപ്പുറം വില്ലേജിലെ സർവ്വേ 18/1ൽ 404.75 ഏക്കർ ഭൂമിയാണ് ഉടമയാണെന്ന് അവകാശപ്പെടുന്ന അബ്ദുൾ സത്താർ സേട്ട് ഫറൂഖ് കോളേജിന് വ്യവസ്ഥകളോടെ വഖഫ് ആധാരമായി 1950 നവംബർ ഒന്നിന് നൽകിയത്. എന്നാൽ 1950 മുതൽ സർക്കാർ ഭൂമിയുടെയും പാട്ടത്തിന്റെയും അവകാശം സർക്കാരിൽ നിക്ഷിപ്തമാണ്. ആധാരം രജിസ്റ്റർ ചെയ്യാനാവില്ല. ഈ ആധാരവും പോക്കുവരവ് ചെയ്ത കൊച്ചി തഹസിൽദാറുടെ ഉത്തരവും അസാധുവാക്കണമെന്ന് വൈറ്റില സ്വദേശി ടി.പി. അജികുമാർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി ഇപ്പോഴത്തെ താമസക്കാർക്ക് വിറ്റ ഫാറൂഖ് കോളേജ് ട്രസ്റ്റികൾക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.
വിവരങ്ങൾ ലഭ്യമല്ല
അതിരുകളൊന്നും പറഞ്ഞിട്ടില്ല. മുന്നാധാരങ്ങളെക്കുറിച്ചും വിവരങ്ങളില്ല.
അവ്യക്തമായി എഴുതിയ ആധാരത്തിന്റെ സാധുത സംശയകരമാണ്.
ഈ 404.75 ഏക്കറും പുഴപുറമ്പോക്കാണെന്ന് റവന്യൂ രേഖകളിൽ വ്യക്തമാണ്.
ആധാര വ്യാജമായി ചമച്ചതാണെന്ന് വ്യക്തമാണ്.
പരാതിയിൽ നിന്ന്
1. കൊച്ചി താലൂക്ക് പള്ളിപ്പുറം വില്ലേജ് സർവേ 18/1ൽ 404 ഏക്കർ ഭൂമി 1901ൽ അബ്ദുൾ സത്താർ മൂസാ സേട്ടിന് മഹാരാജാവ് കൃഷിക്കായി പാട്ടത്തിന് നൽകിയെന്നാണ് അവകാശവാദം. പാട്ടക്കരാർ ഹാജരാക്കിയിട്ടില്ല.
2. 1905ൽ തിരുവിതാംകൂർ സർക്കാർ പ്രസിദ്ധീകരിച്ച സർവേയിലെ സെറ്റിമെന്റ് രജിസ്റ്ററിൽ ഒരു സെന്റ് പോലും സത്താർ സേട്ടിന്റെ പേരിലില്ല. കുടിയാന്മാരുടെ പേരുകളുണ്ട്.
3. സെറ്റിൽമെന്റ് രജിസ്റ്ററിലും മറ്റു റവന്യൂരേഖകളിലും പുഴ പുറമ്പോക്കാണ്.
4. മഹാരാജാവിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്തെന്ന് പറയുന്ന സത്താർ സേട്ടും കോളേജിന് ദാനം നൽകിയ സിദ്ധിഖ് സേട്ടും ബന്ധുക്കളല്ല. ഇയാൾക്ക് വസ്തുലഭിച്ച ആധാരത്തെക്കുറിച്ചും അന്വേഷണം വേണം.
5. കൃത്യമായ വിവരങ്ങളില്ലാതെ വഖഫ് ആധാരം ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ചും അന്വേഷിക്കണം
6. ഫാറൂഖ് കോളേജിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ ഭൂമിയിലെ 625 താമസക്കാരുടെ ആധാരങ്ങൾ പരിശോധിച്ച് സർക്കാർ പട്ടയം നൽകണം. കൈയേറ്റക്കാരുടെ പക്കൽ നിന്ന് തിരിച്ചുപിടിക്കണം.
ഭൂമി ഇടപാടുകളുടെയും വഖഫ് ആധാരത്തിന്റെയും ഫറൂഖ് കോളേജിന്റെ ഭൂമി വില്പനയും വഖഫ് ബോർഡിന്റെ ഇടപെടലുകളും ദുരൂഹമാണ്. പാട്ടഭൂമി വിൽക്കാനാവില്ല. സർക്കാർ ഒളിച്ചുകളി നിറുത്തി ഈ ഭൂമി ഏറ്റെടുത്തു കൈവശക്കാർക്ക് നൽകി, ബാക്കിയുള്ളത് സർക്കാർ പുറമ്പോക്കാക്കി മാറ്റണം. ചെറായി ബീച്ചിലെ അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കണം.
ടി.പി. അജികുമാർ
പരാതിക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |