ദേശീയ, സംസ്ഥാന പാതകളിലും ഇടറോഡുകളിലുമുൾപ്പെടെ നിത്യേനയുണ്ടാകുന്ന അപകടങ്ങളിൽ കാൽനടക്കാരുൾപ്പെടെയുള്ള യാത്രക്കാരുടെ ജീവൻ നഷ്ടമാകുമ്പോഴും നിരത്തുകൾ അപകടരഹിതമാക്കാനും സുരക്ഷിതയാത്ര ഒരുക്കാനും വേണ്ട നടപടികൾ ഇല്ല. കളർകോടുണ്ടായ അപകടത്തിൽ 6 എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ജീവൻപൊലിഞ്ഞതിന്റെ കണ്ണീർ ഇനിയും ഉണങ്ങിയിട്ടില്ല. പുതുവർഷത്തിലും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കകം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ചെറുതും വലുതുമായ അപകടങ്ങളിൽ ഡസനിലധികം പേരുടെ ജീവനാണ് പൊലിഞ്ഞത്. ദേശീയപാത നിർമ്മാണത്തിനിടെ പാലിക്കേണ്ട സുരക്ഷാ നടപടികളിൽ കരാർ കമ്പനിയുടെ വീഴ്ചകളും മദ്യപിച്ചും അമിതവേഗത്തിലുമുള്ള ഡ്രൈവിംഗും റോഡുകളിലെ വെളിച്ചത്തിന്റെ കുറവുമുൾപ്പെടെ അപകടങ്ങൾക്ക് കാരണങ്ങൾ അനവധി. കായംകുളത്ത് ദേശീയപാത നിർമ്മാണസ്ഥലത്ത് റോഡരികിലുള്ള കുഴിയിലാണ് ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ നിന്ന് വാതകചോർച്ചയുണ്ടാകാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെങ്കിലും നിത്യേന നൂറ് കണക്കിന് ഗ്യാസ് -പെട്രോളിയം ടാങ്കറുകളും യാത്രാ വാഹനങ്ങളും കടന്നുപോകുന്ന പാത ഇനിയും കൂടുതൽ സുരക്ഷിതമാകേണ്ടിയിരിക്കുന്നു.
മാറ്റമില്ലാതെ കളർകോട്
ആറ് വിദ്യാർത്ഥികളുടെ ജീവനെടുത്ത കളർകോട് ജംഗ്ഷനിൽ അപകടമുണ്ടായി രണ്ട് മാസം കഴിഞ്ഞു. പൊലീസും മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിട്ടിയും നടത്തിയ സംയുക്ത പരിശോധനയിലെ ശുപാർശകളിൽ സിഗ്നൽ ലൈറ്റുകൾ രാത്രി 9 വരെ പ്രവർത്തിപ്പിക്കുന്നതൊഴിച്ചാൽ ജംഗ്ഷനിലെ മരങ്ങളുടെ നിഴൽ വീഴ്ചയോ ഇരുളോ റോഡരികിലെ കാഴ്ച മറയ്ക്കുന്ന കൈയ്യേറ്റങ്ങളോ ഗതാഗത തടസങ്ങളോ ഇനിയും പരിഹരിച്ചിട്ടില്ല. ചങ്ങനാശേരി റോഡും ദേശീയപാതയും ബൈപ്പാസും സന്ധിക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണത്തിനോ സുരക്ഷയ്ക്കോ ഹോംഗാർഡിന്റെ പോലും സേവനം ഇപ്പോഴുമില്ല.
വഴിമുടക്കികളായി സിറ്റി ഗ്യാസിന്റെ മൺകൂനകളും
ആലപ്പുഴ നഗരത്തിൽ സിറ്രി ഗ്യാസ് പദ്ധതിക്കായി റോഡ് ഡ്രില്ല് ചെയ്ത് നികത്തിയ ഭാഗത്ത് മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും ഗതാഗതത്തിന് തടസമാകുന്നുണ്ട്. റോഡിന്റെ അരികുവരെ മൺകൂനയിരിക്കുന്നതിനാൽ കാൽനടക്കാർക്ക് ഒന്നൊഴിഞ്ഞുനിൽക്കാൻ പോലും കഴിയില്ല. ദേശീയ പാതയിലും പിച്ചു അയ്യർ, ഇരുമ്പ്പാലം തുടങ്ങി നഗരത്തിലെ ചില റോഡുകളിലുമാണ് വാതക പൈപ്പ് ലൈനുകൾ അപകടക്കെണിയാകുന്നത്.
കെ.പി റോഡിൽ വാരിക്കുഴി തീർത്ത് റെയിൽവേ
അപകടങ്ങൾ പതിവായ കെ.പി റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപം റോഡിന്റെ ഇരുവശവും റെയിൽവേ തുരന്ന കുഴികൾ അപകടക്കെണി. ഒരാഴ്ച മുമ്പാണ് റെയിൽവേ കുഴി തുരന്നതെങ്കിലും പുനലൂർ ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡിനോട് ചേർന്നുള്ള കുഴിയ്ക്ക് ചുറ്റും യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്ത സ്ഥിതിയാണ്. രാത്രിയിൽ വെളിച്ചക്കുറവുള്ള ഇവിടെ സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങളോ ബസ് കയറാൻ നിൽക്കുന്ന യാത്രക്കാരോ കുഴിയിൽ അകപ്പെടാൻ സാദ്ധ്യതയേറെയാണ്.
ബൈപ്പാസും അപകടക്കെണി
ഇരുൾമൂടിയ ബൈപ്പാസിൽ വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും ആലപ്പുഴ ബൈപാസിൽ അപകടങ്ങൾ പതിവാക്കി. ദിവസങ്ങൾക്ക് മുമ്പാണ് കൊമ്മാടിയിൽ ബസുമായി ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചത്. ബൈപ്പാസിൽ ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ ക്രാഷ് ബാരിയറിന്റെ വിടവിൽ കുടുങ്ങിയതുൾപ്പെടെ ആകാശപ്പാതയിൽ അപകടം പതിവായിട്ടും അമിതവേഗം നിയന്ത്രിക്കാനോ പരിശോധനകൾ ശക്തമാക്കാനോ നടപടിയുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |