കൊൽക്കത്ത: ബംഗാളിൽ സ്ത്രീകളുടെ സുരക്ഷാകാര്യത്തിൽ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവർണർ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. വർദ്ധിച്ചുവരുന്ന ബലാത്സംഗങ്ങൾ, ആക്രമണങ്ങൾ, കൊലപാതകങ്ങൾ എന്നിവയെല്ലാം സമൂഹത്തെ കടുത്ത ഭീതിയിലും ആശങ്കയിലും ആഴ്ത്തുന്നു. ഇത്തരം ക്രൂരകൃത്യങ്ങളെ സർക്കാരും സമൂഹവും ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല. ഈ നില മാറണം.
ആർ.ജി കർ കേസിന്റെ എല്ലാ ഘട്ടത്തിലും രാജ്ഭവൻ ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്. അക്രമം നടന്ന ആശുപത്രിയിൽ ഗവർണർ എന്ന നിലയിൽ താൻ പലവട്ടം പോയി. സമരപ്പന്തൽ സന്ദർശിച്ചു. മാതാപിതാക്കളെ അവരുടെ വീട്ടിൽ ചെന്നുകണ്ടു, ഡോക്ടർമാരും നഴ്‌സുമാരും പൊതുപ്രവർത്തകരുമുൾപ്പെടെ സമർപ്പിച്ച പരാതികൾ അപ്പപ്പോൾത്തന്നെ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇതിൽ നിന്നൊക്ക അറിയാൻ കഴിഞ്ഞ ഒരു കാര്യം സ്ത്രീസുരക്ഷ ഇവിടെ വളരെ മോശമായ അവസ്ഥയിൽ തുടരുന്നു എന്നതാണ്. ഇതിന് മാറ്റമുണ്ടാവണം. സർക്കാരും സമൂഹവും മുൻകൈയെടുക്കണം. ആശുപത്രികൾ അടക്കമുള്ള തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്താൻ സുശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് യഥാസമയം സമർപ്പിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്നത്തിന് സുസ്ഥിര പരിഹാരമാരായാൻ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം രാജ്ഭവൻ ഉടൻ വിളിച്ചുചേർക്കും. യോഗ ശുപാർശകൾ അടിയന്തരമായി നടപ്പാക്കുന്നതിന് സർക്കാരിന് നിർദേശം നൽകും. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ വ്യക്തമായ ഒരു രൂപരേഖയുണ്ടാവണം. അതിന്റെയടിസ്ഥാനത്തിൽ കർമപദ്ധതി ഉണ്ടാക്കി പ്രാവർത്തികമാക്കണം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് രാജ്ഭവന്റെ പീസ് റൂമിൽ ലഭിക്കുന്ന പരാതികൾ തത്സമയ മോണിറ്ററിംഗ് സെൽ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. സ്ത്രീകൾക്ക് സ്വയംപ്രതിരോധ പരിശീലനം നൽകുന്നതിനുള്ള അഭയ പ്ലസ് പരിപാടി ശക്തമാക്കുമെന്നും ഗവർണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |