വൈക്കം: തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ രഥചക്രങ്ങളുരുണ്ട വൈക്കത്തെ രാജവീഥികൾ റിപ്പബ്ലിക് ദിനത്തിൽ മറ്റൊരു രാജകീയ എഴുന്നള്ളത്തിന് കൂടി സാക്ഷ്യം വഹിക്കും. രാജരഥങ്ങൾക്ക് ശേഷം നിരത്ത് വാണ അംബാസിഡർ കാറുകൾ നിരനിരയായി അന്ന് വൈക്കത്തേക്ക് എത്തും. രാജ്യം റിപ്പബ്ലിക് ആയതിന്റെ 76 ാം വാർഷിക ദിനത്തിൽ ഒത്തൊരുമയുടെ സന്ദേശമുയർത്തി കായലോര ബീച്ചിലാണ് അംബാസിഡർ കാറുകളുടെ സംഗമം.
അമ്പ്രോക്സ് എന്ന വാട്ട്സാപ്പ് കൂട്ടായ്മയാണ് അംബാസിഡർ കാറുകളുടെ ഒത്തുചേരലിന് വേദിയൊരുക്കുന്നത്. കോട്ടയം ജില്ലയിൽ അംബാസിഡർ കാറിനെ സ്‌നേഹിക്കുകയും ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി പേർ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്.
26 ന് ഉച്ചക്ക് 2 ന് മൂർക്കാട്ടിപ്പടി കെ.പി.പി.എൽ റോഡിൽ നിന്ന് അംബാസിഡർ കാറുകളുടെ റോഡ് ഷോ ആരംഭിക്കും. 4 മണിയോടെ വൈക്കം ബീച്ചിൽ എത്തിച്ചേരും. മുൻപും ഈ കൂട്ടായ്മ ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുകയും ഒപ്പം പ്രകൃതിദുരന്തങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും മറ്റ് സന്നദ്ധ സേവനങ്ങളിലേർപ്പെട്ടും മാതൃകയായിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിലെ ഒത്തുചേരലിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9539769826, 9605570043, 96055 36291 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |