പാലാ: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന് കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു. പാലാ -ചക്കാമ്പുഴ -രാമപുരം റോഡിൽ ചക്കാമ്പുഴ ലക്ഷം വീട് കോളനിക്ക് സമീപം ഇന്നലെ വെളുപ്പിന് 2.30നായിരുന്നു അപകടം.മോഹനന്റെ ഇടതുകാലിന് ഒടിവുള്ളതിനാൽ പ്ലാസ്റ്റർ ഇട്ടു. വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ് സ്വദേശമായ കർണാടകയിലേക്ക് മടങ്ങുവാനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള വെളിച്ചം കണ്ണിലേക്കടിച്ചതിനാലാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ പറഞ്ഞു. നാട്ടുകാർ ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹനനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം തുടർക്കഥയായിട്ടും
അധികാരികൾ കാണുന്നില്ല
ചക്കാമ്പുഴ: പാലാ -ചക്കാമ്പുഴ -രാമപുരം റൂട്ടിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുകയിട്ടും ആവശ്യമായ ക്രമീകരണങ്ങൾ അധികാരികൾ സ്വീകരിച്ചിട്ടില്ല.
ഒടുവിൽ ഇന്നലെ എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനും ഡ്രൈവറുമാണ് ഇൗ പാതയിൽ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് വാഹനങ്ങളാണ് ഈ റോഡിൽ അപകടത്തിൽപെട്ടത്. രണ്ട് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായി. അഞ്ചുപേർക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിക്കും അഞ്ചുമണിക്കും ഇടയിലാണ് മിക്ക അപകടങ്ങളും.
കഴിഞ്ഞ ബുധനാഴ്ച ചിറ്റാറിൽ കർണാടക സ്വദേശികളായ അയ്യപ്പഭക്തരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഭാഗികമായി തകർന്നിരുന്നു.ഞായറാഴ്ച പുലർച്ചെ ഏരിമറ്റം കവലയ്ക്ക് സമീപവും കർണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ചക്കാമ്പുഴ ലക്ഷംവീട് ഭാഗത്ത് ഉണ്ടായ അപകടത്തിലാണ് പി.വി. മോഹനും ഡ്രൈവർക്കും പരിക്കേറ്റത്.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് എടുത്തുമാറ്റാൻ താമസിക്കുന്നത് ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. ജില്ലയിലെ ഏറ്റവും വാഹനത്തിരക്കുള്ള റൂട്ടുകളിൽ ഒന്നാണിത്. മണ്ഡല മകരവിളക്ക് കാലത്ത് അയിരക്കണക്കിന് അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് ഈ റൂട്ടിലൂടെ പോകുന്നത്. പൊൻകുന്നം പത്തനംതിട്ട പുനലൂർ ഭാഗങ്ങളിൽനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള യാത്രക്കാരും ഈ വഴിയാണ് യാത്രക്കായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്ന റൂട്ട് കൂടിയാണ്.
വീതികുറവും വളവുകളും
വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് റോഡിന് വീതി കൂട്ടാനോ അശാസ്ത്രീയ വളവുകൾ നിവർത്താനോ ഇനിയും കഴിഞ്ഞിട്ടില്ല.
ഒരു വ്യാഴവട്ടം മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ ഈ റോഡിൽ പിന്നീട് കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല.
റോഡിൽ വളവുകൾ സൂചിപ്പിക്കുന്ന സൂചനാ ബോർഡുകളോ ബാരിക്കേടുകളോ ആവശ്യാനുസരണം നിർമ്മിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |