തിരുവനന്തപുരം: തലസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിലായി. വളളക്കടവ് സ്വദേശി സുജിത്തിനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലായ് 28ന് സുജിത്തിന്റെ ഭാര്യ ഷിനിയെ, വനിതാ ഡോക്ടർ എയർഗൺ ഉപയോഗിച്ച് വെടിവച്ച് പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇവർ അറസ്റ്റിലായപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിആർഒ ആയിരുന്ന സുജിത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വനിത ഡോക്ടർ അന്ന് മൊഴി നൽകിയിരുന്നു. സുജിത്തിന്റെ അവഗണന കാരണമുണ്ടായ മനഃപ്രയാസത്തെക്കുറിച്ചും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തനിക്കു നേരിട്ട യാതനയും പ്രയാസവും സുജിത്തിനെ അറിയിക്കാനാണ് ഷിനിയെ എയർഗണ്ണുപയോഗിച്ച് വെടിവച്ചത്. ഒരു വർഷത്തെ ആസൂത്രണമാണ് നടത്തിയതെന്നും കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും പ്രതി അന്ന് പറഞ്ഞിരുന്നു. ഡോക്ടറിന്റെ പരാതിയിൽ പൊലീസ് പീഡനത്തിനും സുജിത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസിനെ തുടർന്നാണ് സുജിത്ത് അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |