അങ്കാറ: തുർക്കിയിലെ ബോലു പ്രവിശ്യയിലെ പർവതനിരകളിലുള്ള റിസോർട്ടിൽ തീപിടിച്ച് നിരവധി മരണം. ഗ്രാന്റ് കർത്താൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 12 നിലകളുള്ള ഹോട്ടലിൽ പുലർച്ചെ 3.30നാണ് അപകടമുണ്ടായത്. മഞ്ഞുകാലമായതിനാൽ നിരവധി വിനോദസഞ്ചാരികൾ സ്ഥലത്തുണ്ടായത് അപകടം കൂട്ടി. 66 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. 50ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിലെ റെസ്‌റ്റോറന്റ് ഭാഗത്താണ് ആദ്യമായി തീപിടിച്ചത്. അപകടത്തിൽ പെട്ട നിരവധി പേർ ഉറക്കത്തിലായിരുന്നു. കടുത്ത കറുത്ത പുകയും തീയും കാരണം ഉണർന്ന ചിലർ രക്ഷപ്പെടാനായി ബെഡ്‌ഷീറ്റുകളിൽ ജനാലവഴി താഴേക്ക് ഊർന്നിറങ്ങിയെന്ന് റിപ്പോർട്ടുകളുണ്ട്.
വടക്കുപടിഞ്ഞാറൻ തുർക്കിയിലെ പ്രധാന റിസോർട്ടായ അപകട സ്ഥലത്ത് ആ സമയം 234 പേർ ഉണ്ടായിരുന്നു. തീ ആളികത്തി ഹോട്ടലിന് വലിയ നാശം സംഭവിച്ചതിന്റെ പല വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവമുണ്ടായ ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അപ്പോഴേക്കും നിരവധി പേർ മരിച്ചിരുന്നു. 267 അഗ്നിരക്ഷാ സേനാംഗങ്ങൾ ശ്രമിച്ചാണ് തീയണച്ചത്. പരിക്കേറ്റ 50 പേരിൽ പലർക്കും ഗുരുതരമായ പൊള്ളലോ, ജീവൻ നഷ്‌ടമാകുന്ന തരം പരിക്കോ ഉണ്ടായിട്ടുണ്ട് എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |