തിരുവനന്തപുരം: ജനപ്രതിനിധികളെ പാർട്ടി ഭാരവാഹികളാക്കുന്നതിനെച്ചൊല്ലി കേരളത്തിലെ കോൺഗ്രസ്സിൽ ഉടലെടുത്ത തർക്കത്തിൽ നേതാക്കളും പ്രവർത്തകരും കൂട്ടപ്പരാതികളുമായി ഹൈക്കമാൻഡിന് മുന്നിൽ. അന്തിമ നിലപാട് ഹൈക്കമാൻഡ് പറയട്ടെയെന്ന നിലപാടിൽ സംസ്ഥാന നേതൃത്വവും.
പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിലായതോടെ കെ.പി.സി.സി പുന:സംഘടന നീളുകയാണ്. ആറ് നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, പുന:സംഘടന അടുത്തെങ്ങും നടക്കുന്ന ലക്ഷണമില്ലെന്ന പ്രചരണവും ശക്തമാണ്.
ഒരാൾക്ക് രണ്ട് പദവിക്കെതിരെ ഏറ്റവുമൊടുവിൽ കെ. മുരളീധരൻ എം.പിയാണ് എ.ഐ.സി.സി അദ്ധ്യക്ഷ സോണിയഗാന്ധിയെ നേരിൽ കണ്ട് പരാതി അറിയിച്ചത്. മുതിർന്ന നേതാവ് പി.ജെ. കുര്യനും നേരിൽ പരാതി നൽകി. ഇതിന് പുറമേ കേരളത്തിൽ നിന്ന് താഴെത്തട്ടിൽ നിന്നടക്കം നിരവധി പരാതികൾ പോയിട്ടുണ്ട്. ഒരാൾക്ക് ഒരു പദവി ബാധകമാക്കി, തഴയപ്പെട്ട് കിടക്കുന്നവർക്ക് അവസരം നൽകണമെന്ന നിലപാടാണ് എ.ഐ.സി.സി നേതൃത്വത്തിനുമെന്ന് സൂചനയുണ്ട്. പ്രവർത്തകരുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടേ തീരുമാനമുണ്ടാകൂ എന്ന് മുരളീധരന് സോണിയയിൽ നിന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്.
എത്രയും വേഗം പുന:സംഘടന പൂർത്തിയാക്കണമെന്ന ഉറച്ച നിലപാടിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ മാസം 31നകം സാധിച്ചില്ലെങ്കിൽ സെപ്റ്റംബർ അഞ്ചിനകമെങ്കിലും തീർക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും അദ്ദേഹം പലവട്ടം കൂടിയാലോചന നടത്തി. ഇതിൽ രൂപപ്പെട്ട ധാരണയനുസരിച്ച് സാദ്ധ്യതാപട്ടികയും തയ്യാറാക്കി. ഐ ഗ്രൂപ്പ് നോമിനികളായി എം.എൽ.എമാരും കടന്നുകൂടിയിട്ടുണ്ടെന്ന വിവരം പുറത്തായതോടെ,പാളയത്തിൽ കലഹം മൂർച്ഛിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നടക്കം വലിയ വിഭാഗം ഗ്രൂപ്പിനകത്ത് കലാപത്തിനൊരുങ്ങുന്നു.
ജനപ്രതിനിധികളെ ഭാരവാഹിയാക്കുന്നതിനെതിരെ യുവനേതാക്കളടക്കം പലരും ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വരുന്നുണ്ട്. സ്ഥിരമായി എം.എൽ.എ, ഭരണം കിട്ടുമ്പോൾ മന്ത്രി, അല്ലാത്തപ്പോൾ പാർട്ടി സ്ഥാനം എന്ന നില പറ്റില്ലെന്നാണ് വാദം. ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കി കാര്യശേഷിയുള്ളവർക്കെല്ലാം ചുമതല നൽകി പാർട്ടിയെ സജ്ജമാക്കുകയെന്നതാണ് മുല്ലപ്പള്ളിയുടെയും ആഗ്രഹം. ഇതിന്റെ ചുവടുപിടിച്ച് വർക്കിംഗ് പ്രസിഡന്റ് പദവി മാറ്റി വൈസ് പ്രസിഡന്റ് തസ്തിക തിരികെ കൊണ്ടുവരാനും അതിലേക്ക് പുതിയ ആളുകളെ നിയമിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ഒരാൾക്ക് ഒരു പദവി വാദത്തിന് ആദ്യം പിന്തുണ നൽകിയത് എ ഗ്രൂപ്പും ഉമ്മൻ ചാണ്ടിയുമാണ്. അതനുസരിച്ചുള്ള പേരുകൾ അവർ കൈമാറി. ഐ ഗ്രൂപ്പാകട്ടെ പ്രമുഖരായ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് നൽകിയത്. ജനപ്രതിനിധികളല്ലാത്ത അറിയപ്പെടുന്ന പേരുകൾ അവർക്ക് നൽകാനില്ലാത്തതാണ് കാരണമെന്നാണ് വാദം. ജനപ്രതിനിധികളായത് ജനകീയാംഗീകാരം കിട്ടിയത് കൊണ്ടായതിനാൽ അത്തരക്കാർ പാർട്ടിസ്ഥാനങ്ങളിലും വരുന്നത് നല്ലതല്ലേയെന്നാണ് ചോദ്യം. ഐ ഗ്രൂപ്പിനകത്തെ ഒരു വിഭാഗം ഈ നീക്കത്തെ എതിർക്കുന്നു. തിരുവനന്തപുരത്തെ എം.എൽ.എയായ പ്രമുഖനെ ലാക്കാക്കി തലസ്ഥാനത്തെ ഐ ഗ്രൂപ്പ് പ്രമുഖനായ തമ്പാനൂർ സതീഷ് ഇട്ട ഫേസ്ബുക് പോസ്റ്റാണ് ഗ്രൂപ്പിനകത്തെ പുതിയ ചർച്ചാവിഷയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |