കടയ്ക്കൽ: ചിതറയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 172 ഗ്യാസ് സിലിണ്ടറുകൾ പൊലീസ് പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ ഇരുനിലംകോട് കുന്നത്തുപീടികയിൽ മനോജ് (48), ചിറയിൻകീഴ് മേൽകടയ്ക്കാവൂർ കട്ടരവിള വീട്ടിൽ എം.പി.പ്രിജിത്ത് (24), തൃശൂർ കുന്നത്തുപീടികയിൽ സുഹറ (37) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 8.30ഓടെ കല്ലുവെട്ടാൻകുഴിക്കു സമീപത്തെ വാടക വീട്ടിലായിരുന്നു റെയ്ഡ്. വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന 75 നിറ സിലിണ്ടറുകളും 17കാലി സിലിണ്ടറുകളും ഗാർഹികാവശ്യത്തിനുള്ള 19 നിറ സിലിണ്ടറുകളും 61 കാലി സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്.
ഗാർഹിക സിലിണ്ടറുകളിൽ നിന്ന് വാണിജ്യ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറച്ച് അനധികൃതമായി ഹോട്ടലുകളിലും ചായക്കടകളിലും വിതരണം ചെയ്തുവരികയായിരുന്നു. പ്രതിദിനം നൂറോളം സിലിണ്ടറുകളാണ് സംഘം വില്പന നടത്തിയിരുന്നത്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. ഇവർക്ക് വൻതോതിൽ സിലിണ്ടറുകൾ നൽകുന്ന മാഫിയയെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യുവിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈ.എസ്.പി കെ.ബൈജുകുമാറിന്റെ നിർദ്ദേശപ്രകാരം ചിതറ പൊലീസാണ് പരിശോധന നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |