കണ്ണൂർ: കാൽപന്ത് കളിക്കളത്തിൽ കാണികൾക്ക് കഴിഞ്ഞ 33 വർഷമായി ആവേശം പകരുകയാണ് തന്റെ ശബ്ദഗാംഭീരത്തിൽ ബക്കളം കുഞ്ഞികക്കാട്ട് വളപ്പിൽ ഷാജു.
31 വർഷത്തിന് ശേഷം സ്പോർട്സ് സ്റ്റാർ തളിപ്പറമ്പും പറശ്ശിനി ബ്രദേർസ് പറശ്ശിനി കടവും ഇന്നലെ തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പരസ്പരം കൊമ്പുകോർത്തമ്പോൾ അത് അനൗൺസർ ഷാജുവിന് ചരിത്ര മുഹൂർത്തം. 1994ൽ ധർമ്മശാലയിൽ നടന്ന എ.കെ.ജി സ്മാരക അഖിലേന്ത്യ സെവൻസ് ഫൈനൽ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അനൗൺസ് ചെയ്തതും ഷാജുവായിരുന്നു.
31വർഷം മുൻപ് നടന്ന ആ തീപാറും ഫൈനൽ ഇന്നലെ നടന്ന പോലെ ഷാജു ഓർത്തെടുക്കുന്നു. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ റെക്കോർഡ് ജന സഞ്ചയം. അന്ന് ഫ്ലഡ് ലിറ്റ് സംവിധാനങ്ങളൊന്നും ഇല്ല. 5 മണിക്കാണ് കളി തുടങ്ങുക എങ്കിലും 3 മണിയോടെ സ്റ്റേഡിയം നിറഞ്ഞു. അന്ന് റെക്കോർഡിംഗ് സംവിധാനം ഒന്നും ഇല്ലാത്തതിനാൽ കാറിൽ വലിയ കോളാമ്പി മൈക്ക് കെട്ടി അനൗൺസ് ചെയ്ത് നാടുചുറ്റുകയായിരുന്നു പതിവ്. അക്ഷരാർത്ഥത്തിൽ തീപാറിയ പോരാട്ടമായിരുന്നു അന്ന് നടന്നത്.
നീണ്ട 31 വർഷത്തിനുശേഷം സ്പോർട്സ് സ്റ്റാർ തളിപ്പറമ്പ് അൽമദീന ചെർപ്പുളശേരിയുടെ ടീമിനെ തന്നെ ഇറക്കിയാണ് പറശ്ശിനി ബ്രദേർസിനെ നേരിട്ടത്.
കണ്ണൂർ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാരായി ജോലി ചെയ്യുന്ന ഷാജു ഒഴിവ് സമയത്തെ ഇടവേളകളിലാണ് സൗജന്യമായി അനൗൺസ്‌മെന്റിന് സമയം കണ്ടെത്തുന്നത്. പവർ ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യനുമാണ്. ഭാര്യ: ഡോളി. മകൻ: അനുപം.
അനൗൺസറായി 3 പതിറ്റാണ്ട്
1991 മുതൽ അഖിലേന്ത്യ സെവൻസ് അനൗൺസ്‌മെന്റ് രംഗത്തെത്തിയ ഷാജു സെവൻസ് ടൂർണമെന്റുകളായ ധർമ്മശാല എ.കെ.ജി, വളപട്ടണം കുഞ്ഞിമായൻ ഹാജി, തലശ്ശേരി ഇ. നാരായണൻ, തളിപ്പറമ്പ് കരീബിയൻസ്, തളിപ്പറമ്പ് സീതി സാഹിബ് എന്നിവയുടെ സ്ഥിരം അനൗൺസർ ആണ്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്നിരുന്ന ശ്രീനാരായണ, സിസ്സേഴ്സ് കപ്പ്, ഫെഡറേഷൻ കപ്പ്, ഇ.കെ നായനാർ ഇന്റർനാഷണൽ ഫുട്ബാൾ എന്നിവയും ഷാജുവാണ് അനൗൺസ് ചെയ്തത്. കൂടാതെ കൂവോട് സി. കേളൻ ഫുട്ബാൾ, കല്യാശ്ശേരി നായനാർ ഫുട്ബാൾ, പെരളശ്ശേരി എ.കെ.ജി, കമ്പിൽ കടവ് ചെഗുവേര, ചെറുകുന്ന് ആർ.ബി.സി, കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്‌സ് ഫുട്ബാൾ തുടങ്ങി നിരവധി സെവൻസ് ടൂർണമെന്റുകളുടെ സ്ഥിരം അനൗൺസറാണ് ഷാജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |