റായ്പുർ: ഛത്തീസ്ഗഢ്- ഒഡീഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് ഒരു കോടി വിലയിട്ടിരുന്ന നേതാവടക്കം
14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗം ചലപതി അടക്കമുള്ളവരെയാണ് വധിച്ചത്.
ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.
ഇന്നലെ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ്, ഛത്തീസ്ഗഢിലെ കോബ്ര കമാൻഡോകൾ, ഒഡീഷ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നിവയാണ് ഓപ്പറേഷൻ നടത്തിയത്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി (സി.സി) അംഗത്തെ വധിക്കാൻ സാധിച്ച വലിയ ഓപ്പറേഷനാണിതെന്ന് അധികൃതർ അറിയിച്ചു. അത്യാധുനിക ആയുധങ്ങളുൾപ്പെടെയും കണ്ടെത്തി.
16ന് ബിജാപുർ ജില്ലയുടെ തെക്കൻ ഭാഗത്തുള്ള വനത്തിൽ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.
പ്രധാന ബുദ്ധികേന്ദ്രം
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ നേതാവായിരുന്നു പല പേരുകളിൽ അറിയപ്പെട്ടിരുന്ന ചലപതി. ആന്ധ്രപ്രദേശ് സ്വദേശി. ഘട്ടം ഘട്ടമായി ഉന്നത നേതൃത്വത്തിലേക്ക്. മാവോയിസ്റ്റുകളുടെ ഉന്നതാധികാര ഘടനയായ കേന്ദ്ര കമ്മറ്റിയിലെ മുതിർന്ന അംഗം.ബസ്തർ വനമേഖലയായിരുന്നു ഇയാളുടെ പ്രധാന പ്രവർത്തന കേന്ദ്രം. പല സംഘട്ടനങ്ങളുടെയും ബുദ്ധികേന്ദ്രം. എട്ട് മുതൽ പത്ത് വരെ മാവോയിസ്റ്റുകളെയാണ് ഇയാളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
-മാവോയിസ്റ്റ് പ്രവർത്തനത്തിന് മറ്റൊരു പ്രഹരം. നമ്മുടെ സുരക്ഷാ സേനയുടെ സംയുക്ത ശ്രമഫലം. നമ്മൾ രാജ്യത്തുനിന്ന് മാവോയിസ്റ്രുകളെ ഇല്ലാതാക്കും
അമിത് ഷാ
ആഭ്യന്തര മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |