മെെസൂരു: കാന്താര ചാപ്‌ടർ 1 സിനിമയുടെ ചിത്രീകരണത്തിനിടെ വനത്തിൽ സ്ഫോടനം നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ സ്‌ക്ലേഷ്‌പുരത്തിനടുത്തുള്ള ഗവി ബേട്ട വനത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണത്തിനിടെ വനത്തിൽ ഒട്ടേറെത്തവണ സ്‌ഫോടനം നടത്തിയെന്നാണ് പ്രദേശവാസികൾ പരാതിയിൽ പറയുന്നത്.
പരാതി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വനംവകുപ്പ് മന്ത്രി ഈശ്വർ ബി അറയിച്ചു. വനത്തിൽ സ്ഫോടനം നടത്തിയെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടിൽ സ്‌ഫോടനം നടത്തുന്നത് നിയമവിരുദ്ധമാണ്. പക്ഷി-മൃഗാദികൾക്കും വനമൃഗങ്ങൾക്കും ഭീഷണിയാണെന്നും മന്ത്രി വ്യക്തമാക്കി.
വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഹാസൻ ഫോറസ്റ്റ് കൺസർവേറ്റർ യദു കൊണ്ഡലൻ അറിയിച്ചു. ജനുവരി ഏഴു മുതൽ 25 വരെയാണ് സിനിമയുടെ ചില ഭാഗങ്ങൾ ഗവി ബേട്ട വനത്തിൽ ചിത്രീകരിച്ചത്. ചിത്രീകരണത്തിനിടെ കാട്ടിനുള്ളിൽ മാലിന്യം തള്ളിയതിന് നിർമാതാവിൽ നിന്ന് 50,000 രൂപ നേരത്തെ പിഴയീടാക്കിയിരുന്നു. പിന്നാലെയാണ് സ്‌ഫോടന പരാതി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |