കൊല്‍ക്കത്ത: യുവതാരം അഭിഷേക് ശര്‍മ്മ 79(34) കത്തിക്കയറിയപ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 5 ബൗണ്ടറികളും 8 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിംഗ്‌സ്. 133 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഏഴ് വിക്കറ്റ് ജയത്തോടെ അഞ്ച് മത്സര ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
സ്‌കോര്‍: ഇംഗ്ലണ്ട് 132-10 (20) | ഇന്ത്യ 133-3 (12.5)
133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ 26(20), അഭിഷേക് ശര്‍മ്മ സഖ്യം നല്‍കിയത്. ടീം സ്‌കോര്‍ 41ല്‍ എത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചറുടെ ബൗളിംഗില്‍ ഗസ് അറ്റ്കിന്‍സണ് ക്യാച്ച് നല്‍കി മലയാളി താരം മടങ്ങി. നാല് ബൗണ്ടറികളും ഒരു സിക്‌സും പായിച്ചാണ് സഞ്ജു പുറത്തായത്. മൂന്നാമനായി എത്തിയ നായകന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് മടങ്ങി. പിന്നീടാണ് അഭിഷേക് ശര്‍മ്മ തന്റെ ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയത്. തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദന് ഒരുവിക്കറ്റ് ലഭിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ 20 ഓവറില്‍ വെറും 132 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കുകയായിരുന്നു. 44 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 68 റണ്‍സ് നേടി ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നത്. 17 റണ്‍സെടുത്ത ഹാരി ബ്രൂക്ക് മാത്രമാണ് പിന്നീട് ഏറ്റവും അധികം റണ്‍സ് നേടിയത്.
ഇന്നിംഗ്സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പിലിപ്പ് സാള്‍ട്ടിനെ 0(3) അര്‍ഷ്ദീപ് മടക്കി. മറ്റൊരു ഓപ്പണര്‍ ബെന്‍ ഡക്കറ്റിന് 4(4) റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മൂന്നാമനായി എത്തിയ ബട്ലര്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ വമ്പനടിക്കാരായ ലിയാം ലിവിംഗ്സ്റ്റണ്‍ 0(2), ജേക്കബ് ബെഥല്‍ 7(14) എന്നിവരും നിരാശപ്പെടുത്തി. ജേമി ഓവര്‍ടണ്‍ 2(4), ഗസ് അറ്റ്കിന്‍സണ്‍ 2(13) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.
ബൗളര്‍മാരില്‍ ഇന്ത്യക്ക് വേണ്ടി പേസര്‍ അര്‍ഷ്ദീപ് സിംഗും സ്പിന്നര്‍മാരുമാണ് തിളങ്ങിയത്.നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അര്‍ഷ്ദീപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും അക്സര്‍ പട്ടേല്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി. മറ്റൊരു സ്പിന്നറായ രവി ബിഷ്ണോയിക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും നാലോവറുകളില്‍ നിന്ന് വഴങ്ങിയത് വെറും 22 റണ്‍സ് മാത്രമാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റുകള്‍ ലഭിച്ചുവെങ്കിലും കൂട്ടത്തില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയത് താരമാണ്. നാലോവറില്‍ നിന്ന് 42 റണ്‍സാണ് ഹാര്‍ദിക് വിട്ടുകൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |