തിരുവനന്തപുരം: ശമ്പള പരിഷ്കരണവും ഡി.എ കുടിശികയും ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിൽ മിക്ക ഓഫീസുകളുടെയും പ്രവർത്തനം താളം തെറ്റി. പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോയുടെയും സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിലിന്റെയും നേതൃത്വത്തിലായിരുന്നു പണിമുടക്ക്. സെക്രട്ടേറിയറ്റിൽ 44 % ജീവനക്കാർ ജോലിക്കെത്തിയില്ല. ഒട്ടുമിക്ക ഓഫീസുകളും കാര്യമായി പ്രവർത്തിച്ചില്ല. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ.എൽ.പി സ്കൂൾ അടച്ചിട്ട് പണിമുടക്കിയ പ്രഥമാദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഫലപ്രദമായില്ല.
സംസ്ഥാനത്താകെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തിയ ജനങ്ങൾ വലഞ്ഞു. ചിലയിടങ്ങളിൽ ചെറിയതോതിൽ സംഘർഷമുണ്ടായി. കൊല്ലത്ത് സമരക്കാർ കെട്ടിയ പന്തൽ പൊലീസ് പൊളിച്ചുമാറ്റിയത് വാക്കേറ്റത്തിനിടയാക്കി. ജോലിക്കെത്തിയ ജീവനക്കാരെ ചിലയിടങ്ങളിൽ തടഞ്ഞതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
5000ത്തോളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ 2237 പേർ പണിമുടക്കിയതായി സംഘടനാനേതാക്കൾ അവകാശപ്പെട്ടു. പൊതുഭരണ വകുപ്പിൽ 1504ഉം ധനകാര്യ വകുപ്പിൽ 426 ഉം, നിയമവകുപ്പിൽ 307 ഉം ജീവനക്കാർ ജോലിക്ക് ഹാജരായില്ല. ജില്ലാ- താലൂക്ക് ആസ്ഥാനങ്ങൾ, വില്ലേജ് ഓഫീസുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ ഭാഗികമായാണ് പ്രവർത്തിച്ചത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർ സെക്രട്ടേറിയറ്റ് അനക്സിനു മുന്നിൽ പട്ടിണിക്കഞ്ഞി തയ്യാറാക്കി പ്രതിഷേധിച്ചു.
സെറ്റോയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയ്ക്ക് ജനറൽ കൺവീനർ ജയചന്ദ്രൻ കല്ലിംഗൽ, ചെയർമാൻ ഒ.കെ.ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |