# എസ്. ജയശങ്കർ -റുബിയോ ചർച്ച നിർണായകമായി
# 18000 പേർ മടങ്ങേണ്ടിവരും
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ യു.എസ് പ്രസിഡന്റ് ട്രംപ് തീരുമാനിച്ചെങ്കിലും ഇന്ത്യക്കാരുടെ കാര്യത്തിൽ മാനുഷിക പരിഗണനയും സാവകാശവും ലഭിക്കുമെന്ന് പ്രതീക്ഷ.
വാഷിംഗ്ടണിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചെന്നാണ് വിവരം.
ചാർട്ടേഡ് വിമാനങ്ങളിൽ കയറ്റി അയ്ക്കാൻ തീരുമാനിച്ചതിനാൽ, ഏകദേശം 18,000 പേർക്കാണ് ഒറ്റയടിക്ക് മടങ്ങേണ്ടിവരുന്നത്.
സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം ആവശ്യപ്പെട്ടത്. പലഘട്ടമായി തിരിച്ചയച്ചാൽ പുനരധിവാസത്തിന് സാവകാശം ലഭിക്കുമെന്ന് അറിയിച്ചു. വിദ്യാർത്ഥി വിസ, വിദഗ്ദ്ധ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസ തുടങ്ങിയവയിൽ ഇളവും പ്രതീക്ഷിക്കുന്നുണ്ട്.
ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവരുടെ കൂട്ടായ്മയായ ക്വാഡ് യോഗത്തിന് ട്രംപ് ഭരണകൂടം സമയം കണ്ടെത്തിയതും ഇന്ത്യയുമായുള്ള സഹകരണത്തിന് മറ്റൊരു തെളിവായി. മാർക്കോ റൂബിയോ, ജയശങ്കർ, ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ്, ജപ്പാൻ വിദേശകാര്യ മന്ത്രി ഇവയ തകേഷി എന്നിവർ പങ്കെടുത്തു. അടുത്ത യോഗം ഇന്ത്യയിൽ നടത്താൻ ജയശങ്കർ സന്നദ്ധത പ്രകടിപ്പിച്ചു.
കണ്ടെത്തുന്നത് വെല്ലുവിളി; മലയാളികൾ കുറവ്
ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് അനധികൃത കുടിയേറ്റക്കാർ കൂടുതൽ. മലയാളികൾ കുറവാണ്. മടങ്ങുന്നവരുടെ എണ്ണം 30,000 വരെയാകാം. രേഖകളില്ലാത്ത വ്യക്തികളെ കണ്ടെത്തുന്നത് വെല്ലുവിളി.
മൊത്തം അനധികൃത കുടിയേറ്റക്കാർ 15 ലക്ഷത്തോളം. മടങ്ങുന്നവരുടെ എണ്ണത്തിൽ മെക്‌സിക്കോയ്ക്കും എൽ സാൽവഡോറിനും പിന്നിലാണ് ഇന്ത്യ.
ഇന്ത്യ പ്രിയ പങ്കാളി
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസും നടത്തിയ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായിട്ടായിരുന്നു. ട്രംപ് ഭരണകൂടം ഇന്ത്യയെ പ്രിയപങ്കാളിയായി കാണുന്നതിന്റെ പ്രകടമായ സൂചന.
അയൽ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ അല്ലെങ്കിൽ നിർണായക നാറ്റോ പങ്കാളിയുമായി ആദ്യ ഉഭയകക്ഷി ചർച്ച നടത്തുന്നതാണ് പതിവ്.
പ്രതിരോധം, നവീന സാങ്കേതികവിദ്യകൾ, ഇന്തോ-പസഫിക്, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ചർച്ചാ വിഷയമായത്.അതിനൊപ്പമാണ് കുടിയേറ്റ വിഷയത്തിൽ സാവകാശം അഭ്യർത്ഥിച്ചത്.
'സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനമേറ്റതിനുശേഷം റൂബിയോയുടെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പങ്കാളിയായതിൽ സന്തോഷം. തന്ത്രപരമായ സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ഒന്നിച്ച് നീങ്ങും".
-എസ്. ജയശങ്കർ, ഇന്ത്യൻ വിദേശകാര്യമന്ത്രി
മോദി - ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം ?
പ്രധാനമന്ത്രി നരേന്ദ്രമോദി- ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം വാഷിംഗ്ടണിൽ നടന്നേക്കുമെന്ന് അഭ്യൂഹം.ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ ആശയവിനിമയം നടത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |