പാലക്കാട്: അദ്ധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി. സംഭവത്തിൽ തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർത്ഥിയുടെ മാപ്പപേക്ഷ. ഫോൺ വാങ്ങി വച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർത്ഥി പറഞ്ഞു. ഇതേ സ്‌കൂളിൽ തുടർന്ന് പഠിക്കാനുള്ള അവസരം നൽകണമെന്നും വിദ്യാർത്ഥി ആവശ്യപ്പെട്ടു.
അതേസമയം,വിദ്യാർത്ഥിക്ക് ബാലാവകാശ കമ്മിഷൻ കൗൺസിലിംഗ് നടത്തുമെന്നും ഫെബ്രുവരി ആറിന് സ്‌കൂളിൽ സന്ദർശനം നടത്തുമെന്നും അറിയിച്ചു. അതിനിടെ അദ്ധ്യാപകർക്കെതിരെ കൊലവിളി നടത്തിയ വിദ്യാർത്ഥിക്കെതിരെ അച്ചടക്ക നടപടിയെടുത്തിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. വീഡിയോ ചോർന്നത് സ്കൂൾ അധികൃതരിൽ നിന്നല്ല. വിദ്യാർത്ഥി ആക്രോശിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് രക്ഷിതാവിനെ കാണിക്കാനാണ്. തൃത്താല പൊലീസിനാണ് ഈ ദൃശ്യങ്ങൾ കൈമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ധ്യാപകന് നേരെ വിദ്യാർത്ഥി കൊലവിളി നടത്തിയത്. നിർദ്ദേശം ലംഘിച്ച് വിദ്യാർത്ഥി സ്‌കൂളിൽ ഫോൺ കൊണ്ടുവന്നു. ഇതുകണ്ട അദ്ധ്യാപകൻ ഫോൺ മേടിച്ച് വയ്ക്കുകയും ചെയ്തു. പിന്നാലെ ഇത് പ്രിൻസിപ്പലിനെ ഏൽപ്പിച്ചു. ഇത് തിരികെ ചോദിച്ചെത്തിയപ്പോഴായിരുന്നു കൊലവിളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |