തിരുവനന്തപുരം: ട്രാൻസ്‌ജെൻഡറുടെ അതിജീവന കഥ പറഞ്ഞ 'ആൺപിറന്നോളിന്" 2023ലെ മികച്ച ടെലി സീരിയലിനുള്ള സംസ്ഥാന പുരസ്‌കാരം. ഗണേഷ് ഓലിയക്കരയുടെ തിരക്കഥയിൽ ശിവമോഹൻ തമ്പി സംവിധാനം ചെയ്ത സീരിയൽ അമൃത ടി.വിയിലാണ് സംപ്രേഷണം ചെയ്‌തത്. രാജേഷ് തലച്ചിറ സംവിധാനവും ഫ്ലവേഴ്‌സ് ടി.വി നിർമ്മാണവും നിർവഹിച്ച സു.സു.സുരഭിയും സുഹാസിനിയുമാണ് മികച്ച രണ്ടാമത്തെ സീരിയൽ.
കേരള വിഷനിൽ സംപ്രേഷണം ചെയ്‌ത കൺമഷിയാണ് 20 മിനിറ്റിൽ താഴെയുള്ള മികച്ച ടെലിഫിലിം.
അനൂപ് കൃഷ്ണൻ സംവിധാനവും തിരക്കഥയും നിർവഹിച്ച കൺമഷിയുടെ നിർമ്മാണം അഞ്ജലി കല്ലേങ്ങാട്ടാണ്. മറിയം ഷാനൂബ് സംവിധാനം ചെയ്ത ലില്ലി 20 മിനിറ്റിൽ കൂടിയ മികച്ച ടെലിഫിലിമായി. ആൺപിറന്നോളിന്റെ കഥാകൃത്തായ ഗംഗ മികച്ച കഥാകൃത്തായി. മഴവിൽ മനോരമയിലെ 'കിടില"മാണ് എന്റർട്ടെയിൻമെന്റ് വിഭാഗത്തിലെ മികച്ച ടി.വി ഷോ.
'ഒരു ചിരി ഇരു ചിരി ബംബർ ചിരി" മികച്ച കോമഡി പ്രോഗ്രാമായി. ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമുള്ള പുരസ്കാരം അനൂപ് കൃഷ്ണനാണ് (കൺമഷി). അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായി. ടെലിഫിലിം വിഭാഗത്തിൽ ആൺപിറന്നോളിലെ അഭിനയത്തിന് റിയ കുര്യാക്കോസും ലില്ലിയിലെ അഭിനയത്തിന് മറിയം ഷാനൂബും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സു.സു.സുരഭിയും സുഹാസിനിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് അനുക്കുട്ടിക്ക് ലഭിച്ചു. ശാലോം ടി.വി അവതരിപ്പിച്ച മധുരം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ആദിത് ദേവ് മികച്ച ബാലതാരമായി. കൺമഷിയുടെ ഛായാഗ്രഹണം നിർവഹിച്ച ശിഹാബ് ഓങ്ങല്ലൂർ മികച്ച ഛായാഗ്രാഹകനായി. വിഷ്ണു ശിവശങ്കറാണ് മികച്ച സംഗീത സംവിധായകൻ (കൺമഷി). മന്ത്രി സജി ചെറിയനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |