കൊല്ലം: സ്ഥാപിതമായി കേവലം നാലുവർഷം പിന്നിടുമ്പോൾ മറ്റ് യൂണിവേഴ്സിറ്റികൾക്ക് മാതൃകയും വഴികാട്ടിയുമാവുകയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി.
ഭവനരഹിതരായ മുഴുവൻ വിദ്യാർത്ഥികൾക്കും വീട് നിർമ്മിച്ച് നൽകുന്നതിന്റെ ആദ്യഘട്ടമായി 'ഒപ്പം' പദ്ധതിയിൽ 15 വിദ്യാർത്ഥികൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നതെന്ന് വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ്, സിൻഡിക്കേറ്റ് അംഗവും ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. ബിജു.കെ.മാത്യുവും പറഞ്ഞു.
അടുത്തഘട്ടത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മുഴുവൻ ഭവനരഹിതരായ പഠിതാക്കൾക്കും വീട് നിർമ്മിച്ച് നൽകും. യൂണിവേഴ്സിറ്റിയുടെ 2024-25 വർഷത്തെ ബഡ്ജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഓരോ ഗഡുക്കളായിട്ടാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് തുക അനുവദിക്കുന്നത്. പരമാവധി 6 ലക്ഷം രൂപ വരെ നൽകും. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷനെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് സോഷ്യൽ വെൽഫെയർ ഫണ്ടായി 300 രൂപ വീതം ശേഖരിച്ചാണ് പദ്ധതിക്കുള്ള ഫണ്ട് സ്വരൂപിച്ചത്. എത്രയും വേഗം വീടുപണികൾ പൂർത്തിയാക്കി താക്കോൽദാനം നടത്തുമെന്ന് അഡ്വ.ബിജു.കെ.മാത്യു പറഞ്ഞു.
ജില്ലയിൽ രണ്ടുപേർക്ക്
പ്രാരാബ്ധങ്ങൾക്കിടയിലും പഠനത്തെ ചേർത്തുപിടിച്ച ഷീബയ്ക്കും ഹരിതയ്ക്കും ഇത് സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനങ്ങളാണ്. കുണ്ടുമൺ സ്വദേശി ഷീബ, വയക്കൽ സ്വദേശിയായ ഹരിത എന്നിവർക്കാണ് ഒപ്പം പദ്ധതിയിൽ ജില്ലയിൽ വീട് ലഭിച്ചത്. ഏഴാം ക്ലാസിൽ പഠനം നിലച്ച ഷീബ വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമാണ് ഇതിനിടയിലാണ് പഠനത്തിന് സമയം കണ്ടെത്തിയത്. കൂടാതെ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിൽ ആദ്യം പുസ്തകം പ്രകാശനം ചെയ്തതിന്റെ സന്തോഷത്തിൽ കൂടിയാണ് ഷീബ. രണ്ടാം സെമസ്റ്റർ ബി.എ സോഷ്യോളജി വിദ്യാർത്ഥി വയ്ക്കൽ സ്വദേശി ഹരിതയുടെ വീട് നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. അടുത്തുതന്നെ പുതിയവീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കാനാകുമെന്ന സന്തോഷത്തിലാണ് ഹരിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |